ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം മലയാളിയുടെ 72 മണിക്കൂറുകള്‍

ഒരു വലിയ രാഷ്ട്രീയ സമൂഹത്തിലെ കൊളോസസിന് ഇത്രയും ലാളിത്യത്തിലായിരിക്കാന്‍ കഴിയുമോ? കുഞ്ഞൂഞ്ഞെന്ന പേരുപോലെ, മൂന്നോ നാലോ വരകളില്‍ കാരിക്കേച്ചറില്‍ ഒതുക്കാനാകുന്ന വിധത്തില്‍, കൊച്ചുകുഞ്ഞിന് പോലും അനുകരിക്കാനാകുന്ന മുഖഭാവങ്ങളോടെ, ഒരു വന്മരത്തിന് ഇത്രയാഴത്തില്‍ വേരുകള്‍ ആഴ്ത്താനാകുമോ? 72 മണിക്കൂറോളം ആളുകളെ കരയിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ അലിയുന്നത്. പുതുപ്പള്ളി വീട്ടില്‍ നിന്ന് പുതുപ്പള്ളിയിലേക്കുള്ള 28 മണിക്കൂര്‍ യാത്രയ്ക്കിടെ മഴയേയും വെയിലിനേയും സമയത്തേയും അവഗണിച്ച് ഉമ്മന്‍ ചാണ്ടിയെ പൊതിഞ്ഞത് ലക്ഷങ്ങള്‍. ചെന്ന് നിന്നയിടങ്ങളെല്ലാം സമ്മേളന വേദികള്‍ പോലെ വെളിച്ചമുള്ളതാക്കിയ ആ മനുഷ്യനെക്കാത്ത് ഒരു പൂവെങ്കിലും എറിഞ്ഞ് ആദരമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും കോട്ടയത്തുമുള്ള റോഡിനിരുവശവും ജനസാഗരമിരമ്പി. (Kerala Bids Tearful Farewell To Former CM Oommen Chandy)
ജനസാഗരത്തില്‍ തട്ടി സ്വന്തം ജീവിതത്തിലെ സമയമാകെ ചിതറിത്തെറിച്ച ഒരു മനുഷ്യന്റെ അന്ത്യയാത്രയും വ്യത്യസ്തമായിരുന്നില്ല. ആദരവോടെ കാത്തുനില്‍ക്കുന്ന അവസാന മനുഷ്യനേയും കണ്ടുതീര്‍ത്തേ വിശ്രമിക്കൂ എന്ന് ശഠിച്ച ജനനേതാവിന് എന്തുകൊണ്ടും അനുയോജ്യമായ അന്ത്യയാത്ര.
ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ വച്ച് അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ബംഗളൂരുവില്‍ മുന്‍മന്ത്രി ടി ജോണിന്റെ വസിതിയില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് , നിറചിരിയില്ലാതെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെത്തിയത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനം മണിക്കൂറുകള്‍ നീണ്ടുനിന്നു. ദര്‍ബാര്‍ ഹാളിലും തുടര്‍ന്ന് ഇന്ദിരാ ഭവനിലും വിലാപ യാത്രയായി ഉമ്മന്‍ ചാണ്ടിയെത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ വലംവച്ച് നിന്നപ്പോള്‍ ആ രാത്രിയില്‍ ആ വേദിയെയാകെ പൊതിഞ്ഞത് തടിച്ചുകൂടി വിതുമ്പിനിന്ന ജനമാണ്. കണ്ണേ കരളേ ഉമ്മന്‍ ചാണ്ടി, ഇല്ല, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന് വിളിച്ചത് ഹൃദയത്തില്‍ നിന്നുമായിരുന്നു.
സാന്നിധ്യം കൊണ്ട് ആയിരങ്ങളുടെ ഹൃദയത്തെ ഉടക്കി വലിച്ചത് ആന്റണി എത്തിയ കാഴ്ചയായിരുന്നു. ഒരു ചില്ലിനപ്പുറം പ്രിയ കൂട്ടാളിയ്ക്ക് ചുംബനം നല്‍കി പൊട്ടിക്കരയുന്ന എ കെ ആന്റണിയെന്ന കരുത്തന്റെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നു. രാഷ്ട്രീയ ഭേദമന്യേ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്ലാവര്‍ക്കും ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള ഊഷ്മള സൗഹൃദത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും അടക്കമുള്ളവര്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വിതുമ്പി.
Read Also: ‘എന്റെ പിതാവ് ആവർത്തിച്ച നിലപാടെ എനിക്കുമുള്ളൂ’ വിനായകനെതിരെ കേസ് വേണ്ട; ചാണ്ടി ഉമ്മൻ
ബുധനാഴ്ച പുലര്‍ച്ചെയാണ് വിലാപയാത്രയായി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം കോട്ടയത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. വഴിനീളെ സ്‌നേഹച്ചങ്ങലയായി സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ കാത്തുനിന്നു. എങ്ങനെ സഹിക്കുമെന്ന് ചോദിച്ച് ചിലര്‍ വിതുമ്പി, സാറിന് പകരം ദൈവത്തിന് എന്നെ വിളിച്ചൂടായിരുന്നോ എന്ന് ചിലര്‍ പരിതപിച്ചു. നിവേദനങ്ങളില്‍ ഒപ്പിടീക്കുവാനായി അദ്ദേഹത്തെക്കാത്ത് സ്വര്‍ഗത്തില്‍ മാലാഖമാര്‍ കാത്തിരിക്കുന്നുണ്ടാകുമെന്ന് ആളുകള്‍ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന് ജനം നല്‍കുന്ന അസാധാരണമായ സ്‌നേഹാദരങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ ശരീരത്തിന് അരികില്‍ ഇരുന്ന്, ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളോടെ നന്ദി പറഞ്ഞു. സഹോദരനേയും മെന്ററേയും, പ്രതിസന്ധി ഘട്ടങ്ങളിലെ മൃതസഞ്ജീവനിയേയും നഷ്ടപ്പെട്ട വേദനയോടെ മൗനം പാലിച്ച് വണ്ടിയില്‍ കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവരിരുന്നു.
എല്ലാവരുടേതുമായിരുന്ന, ആര്‍ക്കും എത്തിതൊടാമായിരുന്ന നേതാവിനെ സ്‌നേഹിച്ച ജനസാഗരത്തിലൂടെ തുഴഞ്ഞുനീങ്ങുക എളുപ്പമായിരുന്നില്ല. വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിടാന്‍ മാത്രം ഏഴ് മണിക്കൂറെടുത്തു. കൊല്ലം ജില്ലയും പിന്നിട്ട് പത്തനംതിട്ടയിലേക്ക് വിലാപയാത്ര പ്രവേശിക്കുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. മെഴുകുതിരികള്‍ തെളിയിച്ച് വഴിയോരങ്ങളില്‍ ദുഃഖിച്ച മുഖങ്ങളോടെ കാത്തുനില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ കാഴ്ച അത്ഭുതമുണര്‍ത്തുന്നതായിരുന്നു. ഒരു ജനസേവകന്റെ പുരുഷായുസിന്റെ സായൂജ്യമെന്ന് പറയുന്നത്ര വീരോചിതമായിരുന്നു ആ മടക്കയാത്ര.
കുഞ്ഞൂഞ്ഞിന്റെ ആത്മത്തില്‍ ആഴത്തില്‍ പറ്റിപ്പിടിച്ച കോട്ടയത്തേക്ക് വിലാപയാത്രയെത്തുമ്പോള്‍, ഒരു രാവും പകലും കണ്ണീരുണങ്ങാത്ത കണ്ണുകളുമായി കാത്തിരുന്ന, ജനക്കൂട്ടത്തിന്റെ വന്‍മതിലാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്രയെ എതിരേറ്റത്. തിരുനക്കര മൈതാനത്തില്‍ ഒരു കടലായി ഉമ്മന്‍ ചാണ്ടിയെ ഒഴുക്കിക്കൊണ്ട് പോകുന്ന ജനങ്ങളുടെ ആകാശത്തുനിന്നുള്ള കാഴ്ച അവിസ്മരണീയമായിരുന്നു. ആ ആകാശക്കാഴ്ച ഒന്ന് മാത്രം മതിയായിരുന്നു ഉമ്മന്‍ ചാണ്ടി ആരാണെന്ന ചോദ്യത്തിന് ഉത്തരമാകാന്‍. ഉമ്മന്‍ ചാണ്ടിയെന്ന സ്‌നേഹ രാഷ്ട്രീയ ബ്രാന്റ് വളര്‍ന്ന് തുടങ്ങിയ ഡിസിസി ഓഫിസില്‍ കാത്തുനിന്ന എല്ലാവരും ഉമ്മന്‍ ചാണ്ടി അമരനാണെന്ന് തൊണ്ടപൊട്ടി വിളിച്ചുപറഞ്ഞു.
എനിക്ക് പുതുപ്പള്ളിയോട് അസൂയയാണന്ന് മറിയാമ്മ പറയുന്ന വിധത്തിലുള്ള അപൂര്‍വ രസതന്ത്രമാണ് ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുണ്ടായിരുന്നത്. കരോട്ടുവള്ളക്കാലില്‍ വീട്ടില്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ തിക്കിതിരക്കി. ആ സ്‌നേഹവായ്പ്പ് അറിഞ്ഞവരെല്ലാം കരോട്ടുവള്ളക്കാലില്‍ വീട്ടില്‍ നിന്ന് വിതുമ്പി. ആയിരങ്ങള്‍ക്ക് അത്താണിയായിരുന്ന ആ പൂമുഖത്തില്‍ കുഞ്ഞൂഞ്ഞ് സഹായിച്ചവരുടെ കണ്ണീര്‍ വീണ് ചിതറി.
ആയിരങ്ങള്‍ പതിനായിരങ്ങളായി നിറഞ്ഞുകവിഞ്ഞു. ഒരു സ്വപ്‌നമായി ഉമ്മന്‍ ചാണ്ടി അവശേഷിപ്പിച്ച പുതിയ വീട്ടിലായിരുന്നു പിന്നീട് പൊതുദര്‍ശനം. പുതുപ്പള്ളിയിലെ കുടുംബവീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര പുതിയ വീട്ടിലെത്തിയത്. കുടുംബവീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല.
ജനത്തിരക്കുമൂലം രാഹുല്‍ ഗാന്ധി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. കല്ലെറിഞ്ഞ് നെറ്റി പൊട്ടിച്ചവരോട് പോലും പൊറുത്ത സ്‌നേഹരാഷ്ട്രീയത്തിന്റെ ഉടയോനോട് അതേ രാഷ്ട്രീയ ബോധ്യങ്ങളാലാണ് രാഹുലും കൈകോര്‍ത്തിരുന്ന്. അച്ഛനെ കൊലപ്പെടുത്തിയവരോടും എം പി കസേരയില്‍ വാഴ വച്ചവരോടും പൊറുത്ത, കിലോമീറ്ററുകള്‍ നടന്ന് ജനസമ്പര്‍ക്കമുറപ്പിച്ച രാഹുല്‍ ഒ സിയെ കാണാനെത്തിയ രംഗം വികാരനിര്‍ഭരമായിരുന്നു. മറിയാമ്മയെ കെട്ടിപ്പുണര്‍ന്ന് ഉമ്മന്‍ ചാണ്ടിയോട് ആദരമറിയിച്ച് രാഹുല്‍ മടങ്ങി.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃത്രീയന്‍ കാത്തോലിക ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പടിക്കെട്ടുകള്‍ പോലും ജനസമ്പര്‍ക്ക വേദിയിലാക്കിയ കുഞ്ഞൂഞ്ഞ് അതേപള്ളിയില്‍ തതന്നെയാണ് അന്ത്യവിശ്രമം ചെയ്തത്. ആരെയും വേദനിപ്പിക്കാത്ത തന്റെ പിതാവിന് സ്വര്‍ഗത്തില്‍ തന്നെയായിരിക്കും സ്ഥാനമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകള്‍. കുടുംബത്തിന്റെ അന്ത്യചുംബനങ്ങളും ജനക്കൂട്ടത്തിന്റെ കണ്ണീര്‍ക്കണങ്ങളും ഏറ്റുവാങ്ങി രാത്രി 12.25ഓടെ അദ്ദേഹം വിശ്രമത്തിലേക്ക് കടന്നു. ആള്‍ക്കൂട്ടത്തെ ഒറ്റയ്ക്കാക്കി…
Story Highlights: Kerala Bids Tearful Farewell To Former CM Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here