Advertisement

‘ഞാൻ ചാര വനിതയല്ല, തിരിച്ചയക്കരുത്’; പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി പാക് യുവതി സീമ ഹൈദർ

July 21, 2023
Google News 1 minute Read
Pakistani woman Seema Haider's fervent plea

ചാര വനിതയല്ലെന്ന് ആവർത്തിച്ച് കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താൻ യുവതി സീമ ഹൈദർ. തന്നെ പാകിസ്താനിലേക്ക് തിരിച്ചയക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർഥിക്കുന്നതായി സീമ ഹൈദർ പറഞ്ഞു.

ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ പ്രണയിച്ച കാമുകൻ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിനൊപ്പം ജീവിക്കാൻ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദർ തുടക്കമിട്ട ദുരൂഹതയും വിവാദങ്ങളും ഇതുവരെ അവസാനിച്ചിട്ടില്ല. യുവതി പാക് ചാരയാണെന്നും പിന്നിൽ ഐഎസിന്റെ ഗൂഢാലോചനയുണ്ടെന്നും വിവിധ കോണുകളിൽ നിന്ന് ആക്ഷേപമുണ്ട്. ഇവരെ തിരിച്ചയച്ചില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന ഹിന്ദു സംഘടനകളുടെ ഭീഷണി മറുവശത്ത്.

രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് അതിസമർത്ഥമായി ഇന്ത്യയിൽ പ്രവേശിച്ച പാകിസ്താൻ യുവതിയെ കുറിച്ച് യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്. അതിനിടെ, സീമയുടെ സഹോദരനും അമ്മാവനും പാകിസ്താൻ സൈന്യത്തിൽ ഉന്നത പദവികൾ വഹിക്കുന്നവരാണെന്ന് ആദ്യ ഭർത്താവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ ഊഹാപോഹങ്ങൾക്കിടയിലാണ് നിലപാട് അവർത്തിച്ചുകൊണ്ടുള്ള പാക് യുവതിയുടെ അഭ്യർത്ഥന.

താൻ ചാര വനിതയല്ലെന്നും സത്യം പുറത്തുവരുമെന്നുമാണ് സീമ പറയുന്നത്. ഇന്ത്യയിലേക്ക് പോകുകയാണെന്ന് പാകിസ്താനിലുള്ള ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ അവർ തന്നെ കൊല്ലുമായിരുന്നു. ‘എന്നെ തിരിച്ചയക്കരുതെന്ന് മോദിജിയോടും യോഗിയോടും അഭ്യർത്ഥിക്കുന്നു’- ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സീമ ഹൈദർ പറഞ്ഞു. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഏജൻസിയുടെ ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകിയെന്നും സീമ കൂട്ടിച്ചേർത്തു. പാകിസ്താനിൽ ജീവിക്കാൻ താൽപ്പര്യമില്ല. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് അനധികൃതമായി ഇന്ത്യയിലെത്തിയത്. ഭൂതകാലത്തിൽ നിന്നുള്ള ഒരു വിവരവും താൻ മറച്ചുവെച്ചിട്ടില്ലെന്നും സീമ വ്യക്തമാക്കി.

Story Highlights: Pakistani woman Seema Haider’s fervent plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here