കര്‍ണാടക നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജെഡിഎസ്
കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജെഡിഎസ്. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്നാണ് ജെഡിഎസ്സിന്റെ പ്രഖ്യാപനം.
അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാം. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
കഴിഞ്ഞദിവസം ജെഡിഎസ് എംഎൽഎമാരുടെ യോഗം എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എച്ച് ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്നും യോഗത്തിൽ എച്ച് ഡി കുമാരസ്വാമി അറിയിച്ചു.
Story Highlights: JD(S) and BJP to jointly take on Congress government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here