‘പ്രിയപ്പെട്ട കൂട്ടുകാരൻ വിടവാങ്ങിയ വേള’, സന്തോഷത്തിലും ആഘോഷങ്ങളില്ലാതെ മമ്മൂക്ക…

13 വര്‍ഷത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം തേടി എത്തിയപ്പോഴും ആഘോഷങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി ആറാം തവണയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. (Mammoottys Response After State Award Declaration)
ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എട്ടാമത്തെ പുരസ്‌കാരമാണ് നടൻ മമ്മൂട്ടി സ്വന്തമാക്കിയത്. യുവതാരങ്ങളോട് ഏറ്റുമുട്ടി വീണ്ടും മികച്ച നടനായെങ്കിലും താരം അതിന്റെ സന്തോഷം എവിടെയും പങ്കുവെച്ചില്ല. എന്തുകൊണ്ടാണ് മമ്മൂട്ടി എവിടെയും പ്രതികരിക്കാത്തത് എന്ന നിരാശയിലാണ് ആരാധകർ.
Read Also: ‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഉടൻ’; ചര്‍ച്ചചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
അവാർഡ് വിവരമറിഞ്ഞ് മാധ്യമങ്ങൾ അന്വേഷിക്കുന്നതായി നിർമാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞു ‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’. ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സെറ്റിലെത്തിയത്.
വൈകാതെ സെറ്റിൽ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി. അവാർഡ് വിവരമറിഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വസതിയിലെത്തിയിരുന്നു. അവാർഡ് പ്രഖ്യാപിക്കുമ്പോൾ നെടുമ്പാശേരി ഗോൾഫ് കോഴ്സിൽ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി.
നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2009ൽ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിനാണ് ഇതിന് മുമ്പ് അവാർഡ് കിട്ടിയത്.
ആദ്യ റൗണ്ട് മുതൽ ഒരു ഘട്ടത്തിലും മികച്ച നടനുള്ള പുരസ്കാരത്തിലേക്ക് മറ്റൊരാൾ പരിഗണിക്കപ്പെട്ടതു പോലുമില്ല. കുഞ്ചാക്കോ ബോബൻ്റെയും സൗബിൻ ഷാഹിറിൻ്റെയും അലൻസിയറിൻ്റെയും പ്രകടനം പരാമർശിക്കപ്പെട്ടപ്പോഴും മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടി ബഹുദൂരം മുന്നിലായിരുന്നു. അതാകട്ടെ നൻ പകൽ നേരത്തെ മയക്കം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ടും.
നൻ പകലിലെ മമ്മൂട്ടിയുടെ പ്രകടനം ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവെന്നാണ് ജൂറി ചെയർമാൻ ഗൗതം ഘോഷ് വിലയിരുത്തിയത്. തികച്ചും വിഭിന്നമായ സ്വഭാവ വിശേഷണങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വ ഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീര ഭാഷയില്‍ പകര്‍ന്നാടിയ അഭിനയത്തികവ്.
ജെയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്‌കാരങ്ങള്‍ എന്നിവ ഒരെ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ’. മറ്റ് ജൂറി അംഗങ്ങളുടെയും അഭിപ്രായം അതുതന്നെയായിരുന്നു ,അതിനാൽ തന്നെ മറിച്ചൊരു തീരുമാനം സാധ്യമായിരുന്നില്ല.
Story Highlights: Mammoottys Response After State Award Declaration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here