പബ്ജി, ഫേസ്ബുക്ക് കഴിഞ്ഞ് ഇപ്പോ സ്നാപ് ചാറ്റ്; 18കാരനായ കാമുകനെ തേടി ചൈനീസ് യുവതി പാകിസ്താനിൽ

സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ ചൈനീസ് യുവതി പാകിസ്താനിലെത്തി. ഗാവോ ഫെങ്ങ് എന്ന യുവതിയാണ് ഇസ്ലാമാബാദിലെത്തിയത്. നിയമാനുസൃതമായി മൂന്ന് മാസത്തെ വിസിറ്റ് വിസയ്ക്കാണ് ചൈനീസ് യുവതി പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിലെത്തിയത്.
21കാരിയായ യുവതി സമൂഹമാധ്യമമായ സ്നാപ് ചാറ്റിലൂടെയാണ് 18കാരനായ ജാവേദിനെ പരിചയപ്പെടുന്നത്. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ആദിവാസി ഗ്രാമമായ ബജാവൂരിലാണ് ജാവേദ് താമസിക്കുന്നത്. വീട്ടിലെത്തിയ യുവതിയെ ജാവേദ് സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് തൻ്റെ അമ്മാവൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മൂന്ന് വർഷമായി സ്നാപ് ചാറ്റിൽ പരിചയമുണ്ടായിരുന്ന ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. യുവതിയ്ക്ക് പൂർണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
35കാരിയായ അഞ്ജുവാണ് ഇന്ത്യയിൽ നിന്ന് 29കാരനായ നസ്രുള്ളയെ കാണുന്നതിനായി പാക് അതിർത്തി കടന്നത്. വാഗ ബോർഡർ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭർത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. എന്നാൽ പിന്നീടാണ് അഞ്ജു പാകിസ്ഥാനിലേക്കാണ് പോയതെന്ന് മാധ്യമങ്ങൾ വഴിയാണ് അരവിന്ദ് അറിയുന്നത്. അരവിന്ദ് അഞ്ജുവുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തിരിച്ചുവരുമെന്നും അവർ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. അഞ്ജുവിന് പാകിസ്ഥാനിൽ 30 ദിവസം നിൽക്കാൻ അനുമതി ലഭിച്ചതായി റിപ്പോർട്ടുണ്ട്.
ഓൺലൈൻ ഗെയിമിംഗ് ആയ പബ്ജിയിലൂടെ പരിചയപ്പെട്ട പ്രണയത്തിലായതിന് പിന്നാലെയാണ് ഇന്ത്യക്കാരനായ യുവാവിനെ തേടി സീമ ഹൈദർ മക്കളോടൊപ്പം നേപ്പാൾ വഴി ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ ഇവർ രണ്ട് പേർ ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തിരുന്നു. 2019ലാണ് പബ്ജി ഗെയിമിനിടെയുള്ള സീമ ഹൈദർ സച്ചിനുമായി പ്രണയത്തിലാവുന്നത്. നിയമവിരുദ്ധമായാണ് സീമ ഹൈദർ ഇന്ത്യയിലെത്തിയത്.
Story Highlights: Chinese Woman Pakistan Snapchat Boyfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here