മൺസൂൺ കഴിയുന്നതുവരെ മുതലപ്പൊഴി അടച്ചിടരുതെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി

മൺസൂൺ കഴിയുന്നത് വരെ മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി ആവശ്യപ്പെട്ടു. അഴിമുഖത്തെ പ്രശ്നങ്ങൾ പഠിച്ച ചെന്നൈ ഐഐടിയുടെ നിർദേശങ്ങളും, മത്സ്യമേഖലയുടെ കണ്ടെത്തലുകളും സമന്വയിപ്പിച്ച് ഹാർബർ അടച്ചിടാതെയുള്ള പുനർനിർമ്മാണമാണ് ശാശ്വതമായ പരിഹാരമെന്ന് മത്സ്യതൊഴിലാളി സംയുക്ത സമര സമിതി വ്യക്തമാക്കി. സർക്കാർ നീക്കത്തെ വിമർശിച്ച് ലത്തീൻ സഭയും രംഗത്തെത്തി. അതേസമയം, മുതലപ്പൊഴിയിൽ ഇന്നും വള്ളം മറിഞ്ഞ് അപകടമുണ്ടായി.
മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് മൺസൂൺ കഴിയുന്നത് വരെ അഴിമുഖം അടച്ചിടാനുളള ആലോചനകൾ സർക്കാർ നടത്തുന്നത്. എന്നാൽ സെപ്തംബർ 5 വരെ മുതലപ്പൊഴി അടക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുതലപ്പൊഴി അഴിമുഖത്ത് ചേർന്ന സംയുക്ത മത്സ്യതൊഴിലാളി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചെന്നൈ ഐഐടിയുടെ പഠനറിപ്പോർട്ട് അവഗണിച്ചതാണ് മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകാൻ കാരണം. പരിഹാര മാർഗങ്ങൾ എന്ന നിലയിൽ എട്ട് നിർദേശങ്ങൾ സർക്കാരിന് കൈമാറാനും യോഗം തീരുമാനിച്ചു. മുതലപ്പൊഴി അടച്ചിടാനുളള നീക്കത്തെ മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര 24നോട് പറഞ്ഞു.
അതേസമയം, മുതലപ്പൊഴിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ വള്ളം ഇന്നും അപകടത്തിൽപ്പെട്ടു. ശക്തമായ തിരയിൽപ്പെട്ട് വളളം മറിയുകയായിരുന്നു. വളളത്തിലുണ്ടായിരുന്ന ചിറയിൻകീഴ് സ്വദേശി ഷിബു തെറിച്ചു വീണു. ഇയാളെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
Story Highlights: dont close muthalappozhi fishermen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here