ആലുവയിലെ കുട്ടി അതിക്രൂര പീഡനത്തിന് ഇരയായി; പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തി

ആലുവയിലെ കുട്ടി അതിക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതരമായ മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ( aluva 5 year old was raped says postmortem report )
സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ട്വന്റിഫോറിനോട് പറഞ്ഞു. മനുഷ്യമനസ്സിനെ നടുക്കുന്ന സംഭവമാണ് ഇതെന്നും അതിഥി തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇടപെടുമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ സി വിജയകുമാർ വ്യക്തമാക്കി.
ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്.
Story Highlights: aluva 5 year old was raped says postmortem report