Advertisement

‘പ്രതിഷേധിക്കില്ല, മാനസിക വിഭ്രാന്തിയില്ല’; എസ്എ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്നതായി ആരോപണം

July 29, 2023
Google News 3 minutes Read
'Have no mental disorder'_ South Asian University to new students

സ്‌കൂളിലോ കോളേജിലോ ചേരുമ്പോൾ നന്നായി പഠിക്കാനും അച്ചടക്കം പാലിക്കാനും അധ്യാപകർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത് പുതിയ കാര്യമല്ല. കുട്ടികളുടെ ഭാവിക്കും സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഉപദേശങ്ങൾ നൽകുന്നത്. എന്നാൽ ഏതെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനം, പുതുതായി എത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് തങ്ങൾക്ക് മാനസിക വിഭ്രാന്തിയില്ലെന്ന് എഴുതി വാങ്ങിക്കുന്നതി കേട്ടിട്ടുണ്ടോ?

സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റിയ്‌ക്കെതിരെയാണ് (SAU) ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത്. പ്രവേശനം നേടാനെത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് സർവകലാശാല സത്യവാങ്മൂലം എഴുതി വാങ്ങുന്നതായാണ് ആരോപണം. ക്യാമ്പസിൻ്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന സമരത്തിലും പണിമുടക്കിലും പങ്കെടുക്കില്ല. തങ്ങൾക്ക് മാനസിക വിഭ്രാന്തികളൊന്നും ഇല്ലെന്ന് സത്യവാങ്മൂലത്തിൽ എഴുതി നൽകണമെന്നും ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2023-24 സെഷനിലേക്കുള്ള സർവകലാശാലയുടെ പ്രവേശന മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമാണ് ഈ ‘അണ്ടർടേക്കിംഗ്’. പ്രവേശനത്തിന്റെ താൽക്കാലിക സ്ഥിരീകരണത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ഇ-മെയിൽ വഴിയാണ് സത്യവാങ്മൂലം അയച്ചുനൽകുന്നത്. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് സർവകലാശാലയുടെ ഈ വിവേചനപരമായ തീരുമാനം അംഗീകരിക്കാൻ നിർബന്ധിതരാകുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. “ഇത് ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണ്…ഞങ്ങൾ ഒപ്പിട്ടില്ലെങ്കിൽ, ഇവിടെ പ്രവേശനം ലഭിക്കില്ല” ഒരു വിദ്യാർത്ഥി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

‘ഫീസ് അടച്ചതിന് ശേഷമാണ് ഞാൻ ഡിക്ലറേഷൻ വായിച്ചത്. അപ്പോഴാണ് തെറ്റ് പറ്റിയെന്ന കാര്യം മനസിലായത്. വിദ്യാർത്ഥികളുടെ ന്യായമായ സമരങ്ങളിൽ പങ്കാളികളാകരുതെന്ന് സർവകലാശാലയ്ക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക?’ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിച്ച മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ ആരോപണത്തോട് SAU ഇതുവരെ പ്രതികരിച്ചിട്ടില്ല. എട്ട് SAARC രാജ്യങ്ങൾ സ്പോൺസർ ചെയ്യുന്ന ഒരു അന്താരാഷ്ട്ര സർവ്വകലാശാലയാണ് SAU.

2005 നവംബറിൽ ധാക്കയിൽ നടന്ന 13 -ാമത് SAARC ഉച്ചകോടിയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് SAARC അംഗരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകോത്തര സൗകര്യങ്ങളും പ്രൊഫഷണൽ ഫാക്കൽറ്റികളും നൽകുന്നതിനായി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

14-ാമത് സാർക്ക് ഉച്ചകോടിയിൽ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പിടുകയും, ഇന്ത്യയിൽ സ്ഥാപിക്കാമെന്ന് SAARC അംഗരാജ്യങ്ങൾ തീരുമാനിക്കുകയുമായിരുന്നു. ന്യൂഡൽഹിയിലെ മൈദാൻ ഗർഹിയിൽ 100 ഏക്കർ കാമ്പസിലാണ് സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.

Story Highlights: ‘Have no mental disorder’: South Asian University to new students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here