ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി: പൊലീസിനെതിരായ അഫ്‌സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണം; നിര്‍ദേശം മുഖ്യമന്ത്രിയുടേത്

പത്തനംതിട്ടയിലെ നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട് നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ പൊലീസിനെതിരായ ആരോപണത്തില്‍ നടപടി. കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്‌സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കാനിരിക്കുന്നത്. പത്തനംതിട്ട എ എസ് പിക്കാണ് അന്വേഷണ ചുമതല. പത്തനംതിട്ട എസ് പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് എസ്പിയ്ക്ക് നിര്‍ദേശമുണ്ട്. അഫ്‌സാനയുടെ ആരോപണം ട്വന്റിഫോര്‍ ന്യൂസിലൂടെയായിരുന്നു പുറത്തെത്തിയിരുന്നത്. (24 impact investigation Afsana allegation against Police)
പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്ന് അഫ്‌സാന 24നോട് പറഞ്ഞിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പൊലീസ് ക്രൂരമായി മര്‍ദിച്ചു എന്നും പിതാവിനെടക്കം പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്‌സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവര്‍ കാണിച്ചു.
Read Also: നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് പറഞ്ഞത് പൊലീസ് മർദിച്ചതിനാൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്സാന
താന്‍ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങള്‍ നേരിട്ടു. പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനല്‍കും. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്‌സാന പ്രതികരിച്ചു.
Story Highlights: 24 impact investigation Afsana allegation against Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here