മൂന്നാം ഏകദിനത്തിലും ഹാർദിക് തന്നെ നായകൻ; സഞ്ജു തുടരും, ഋതുരാജും ഉനദ്കട്ടും ടീമിൽ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് നായകൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്നും ഹാർദിക് പാണ്ഡ്യ തന്നെയാണ് ടീമിനെ നയിക്കുക. രോഹിത് ശർമയും വിരാട് കോലിയും പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുണ്ട്. ഉമ്രാൻ മാലിക്കും അക്സർ പട്ടേലും പുറത്തിരിക്കുമ്പോൾ ഋതുരാജ് ഗെയ്ക്വാദും ജയ്ദേവ് ഉനദ്കട്ടും കളിക്കും. മലയാളി താരം സഞ്ജു സാംസണും സൂര്യകുമാർ യാദവും തുടരും. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ഇന്നത്തെ കളി വിജയിക്കുന്ന ടീം പരമ്പര നേടും. (west indies sanju hardik)
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാറ്റിംഗ് പരീക്ഷണങ്ങൾ ന്യായീകരിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്തുവന്നിരുന്നു. ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി താരങ്ങളുടെ ഫോം പരീക്ഷിക്കാനുള്ള അവസാന അവസരമാണ് ഈ പരമ്പരയെന്ന് ദ്രാവിഡ് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് ദ്രാവിഡിൻ്റെ വിശദീകരണം.
Read Also: മൂന്നാം ഏകദിനത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കരുതെന്ന് ആകാശ് ചോപ്ര
“ഈ പരമ്പരയാണ് ചില താരങ്ങളെ പരീക്ഷിക്കാനുള്ള അവസാന അവസരം. ചിലർക്ക് പരുക്കാണ്. ഏഷ്യാ കപ്പിന് ഒരു മാസം കൂടിയേയുള്ളൂ. സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ചിലർ ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലും ഇടംനൽകാൻ സാധിക്കുന്ന പ്രകടനങ്ങൾ നടത്തുമെന്നാണ് കരുതുന്നത്. താരങ്ങളെ പരീക്ഷിക്കണം, അവർക്ക് അവസരം നൽകണം. ഇങ്ങനെ ഒരു പരമ്പരയിൽ രോഹിതിനെയും കോലിയെയും കളിപ്പിച്ചാൽ അതിൽ നിന്ന് നമുക്കൊന്നും കിട്ടാനില്ല. അതുകൊണ്ട് മറ്റ് താരങ്ങൾക്ക് അവസരം നൽകുന്നു.”- ദ്രാവിഡ് പറഞ്ഞു.
തുടർപരാജയങ്ങൾക്കിടയിൽ സൂര്യകുമാർ യാദവിന് വീണ്ടും അവസരങ്ങൾ നൽകുന്നതിനെയും ദ്രാവിഡ് ന്യായീകരിച്ചു. “സൂര്യകുമാർ നല്ല താരമാണെന്നതിൽ സംശയമില്ല. തൻ്റെ ഏകദിന പ്രകടനങ്ങൾ മോശമാണെന്ന് ആദ്യം പറയുന്നയാൾ അദ്ദേഹം തന്നെയായിരിക്കും. അവൻ ഏകദിനം പഠിക്കുകയാണ്. ഇന്ത്യക്കായി അരങ്ങേറുന്നതിനു മുൻപ് അവൻ ഒരുപാട് ഐപിഎൽ മത്സരങ്ങൾ കളിച്ചു. എന്നാൽ, ഏകദിനം അത്ര കളിച്ചിട്ടില്ല. അവൻ പഠിക്കുകയാണ്. മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യാൻ പഠിക്കുകയാണ്. അവൻ നല്ല കഴിവുള്ള താരമാണ്. കഴിയുന്നത്ര അവസരങ്ങൾ നൽകണം.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.
Story Highlights: west indies odi sanju samson hardik pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here