Advertisement

മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച രാഹുല്‍; ഒടുവില്‍ വിധി അനുകൂലം; വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയമെന്ന് കോണ്‍ഗ്രസ്

August 4, 2023
Google News 3 minutes Read
Rahul gandhi won in defamation case against modi row

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതി ഉത്തരവിലൂടെ നീതി ലഭിക്കുമ്പോള്‍ സത്യം ജയിച്ചെന്ന് ഓര്‍മിപ്പിക്കുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വരുമ്പോള്‍, രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. മോദി സമുദായത്തെ താന്‍ അപമാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച രാഹുല്‍, മാപ്പ് പറയില്ലെന്ന് പലകുറി വ്യക്തമാക്കിയതും വിധിയുടെ തിളക്കം കൂട്ടി.

സുപ്രിംകോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലെ വിവരണങ്ങള്‍ പ്രസക്തമാണ്. തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റത്തില്‍ താന്‍ നിരപരാധിയാണ്. മാപ്പ് പറയാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നല്ലോ എന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശം രാഹുലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടാകണം. ഒടുവില്‍ ഇടക്കാല കോടതി വിധി വരുമ്പോള്‍, അയോഗ്യത നീങ്ങി, എംപിയായി തിരികെ വരാന്‍ രാഹുലിന് വാതില്‍ തുറന്നുകിട്ടുന്നു. വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയമെന്നും സത്യമേവ ജയതേ എന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ട്വീറ്റ് ചെയ്തു.

അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.
മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ വാദത്തില്‍ ആവര്‍ത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി.

പറ്റിയ തെറ്റ് തിരുത്താനുള്ള മാന്യത പുലര്‍ത്താത്ത സമീപനം ആണ് രാഹുലിന്റെത് എന്ന് പരാതിക്കാരന്‍ പൂര്‍ണേഷ് മോദി വാദിച്ചു. ഗുജറാത്തില്‍ ആയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പരാമര്‍ശം തെറ്റാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. അതേസമയം കേസിനെ രാഷ്ട്രീയമാക്കി മാറ്റാന്‍ അനുവദിയ്ക്കില്ലെന്ന് സിംഗ്വിയോട് കോടതി ഓര്‍മിപ്പിച്ചു.

കീഴ്‌ക്കോടതി വിധി പരിശോധിക്കുന്ന ഘട്ടത്തില്‍, പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Story Highlights: Rahul gandhi won in defamation case against modi row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here