Advertisement

ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് ‘മൈക്രോമാക്സ്’

August 9, 2023
Google News 3 minutes Read
Micromax Exploring Electric Vehicle Venture

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാണ കമ്പനിയായ മൈക്രോമാക്സ് ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ മാർക്കറ്റിൽ വർധിച്ചുവരുന്ന മത്സരവും, സ്മാർട്ട്‌ഫോൺ വിൽപ്പനയിലെ ഇടിവും കണക്കിലെടുത്താണ് പുതിയ പരീക്ഷണം. ഹൈടെക്, സ്റ്റാർട്ടപ്പ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അമേരിക്കൻ ഗ്ലോബൽ ഓൺലൈൻ മാഗസിനായ ‘ടെക്ക്രഞ്ച്’ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടുള്ളത്.

ന്യൂഡൽഹി ആസ്ഥാനമായുള്ള കമ്പനി ഗുരുഗ്രാമിലെ ഹെഡ് ഓഫീസിൽ നിന്നും രാജ്യത്തുടനീളമുള്ള ബ്രാഞ്ച് ഓഫീസുകളിൽ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസർ, ചീഫ് പ്രൊഡക്റ്റ് ഓഫീസർ എന്നിവരുൾപ്പെടെ നിരവധി ഉന്നത എക്സിക്യൂട്ടീവുകളും അടുത്തിടെ കമ്പനിയിൽ നിന്ന് രാജിവച്ച് പുറത്തുപോയി. ഇവയെല്ലാം ‘ഇവി’ നിർമാണ മേഖലയിലേക്ക് കടക്കാനുള്ള ശ്രമങ്ങളുടെ ഫലമാണെന്നാണ് ‘ടെക്ക്രഞ്ച്’ അവകാശപ്പെടുന്നത്.

കമ്പനിയുടെ സ്ഥാപകരായ രാജേഷ് അഗർവാൾ, സുമീത് കുമാർ, വികാസ് ജെയിൻ എന്നിവർ ‘മൈക്രോമാക്സ് മൊബിലിറ്റി’ എന്ന പേരിൽ പുതിയ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ പുതിയ സംരംഭം, തുടക്കത്തിൽ ഇരുചക്ര വാഹന നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മൊബിലിറ്റി മേഖലയിലേക്ക് കടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്ഥാപനം ഗുരുഗ്രാമിലെ ഒരു ഓഫീസ് നവീകരിക്കുകയാണെന്നും ‘ടെക്ക്രഞ്ച്’ അവകാശപ്പെടുന്നു.

ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, മൈക്രോമാക്‌സ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. Ather Energy, Mater Era, Ola Electric തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉയർത്തുന്ന വെല്ലുവിളി മൈക്രോമാക്‌സിന് അതിജീവിക്കേണ്ടതുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ കമ്പനി എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കണ്ടറിയണം. 2014 ൽ സാംസങ്ങിനെ വീഴ്ത്തിക്കൊണ്ടാണ് ഇന്ത്യയിലെ മുൻനിര സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി മൈക്രോമാക്സ് ഉയർന്നുവന്നത്.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് പുറമെ മൈക്രോസോഫ്റ്റിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളും പുറത്തിറക്കുമെന്ന് 2014 ൽ കമ്പനി പ്രഖ്യാപിച്ചു. ഒരു വർഷത്തിനുശേഷം കമ്പനി പത്താമത്തെ ഏറ്റവും വലിയ ഫോൺ ബ്രാൻഡായി. എന്നാൽ പിന്നീട് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ Xiaomi, Oppo, Vivo എന്നിവയുടെ വരവോടെ മൈക്രോമാക്‌സിന് ക്ഷീണം തുടങ്ങി.2022 ലാണ് മൈക്രോമാക്സ് അവസാനമായി ഒരു പുതിയ മോഡൽ അവതരിപ്പിച്ചത്.

Story Highlights: Micromax Exploring Electric Vehicle Venture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here