ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം; ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് കമന്റ് ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ അനിൽകുമാർ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാ വിവാദം വിടാതെ സിപിഐഎം. ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ഉയർത്തിക്കാണിച്ച് സിപിഐഎം നേതാവ് കെ അനിൽകുമാറാണ് ഇപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ചികിത്സ സംബന്ധിച്ച വി ഡി സതീശന്റെ അവകാശ വാദങ്ങൾ തെറ്റാണെന്നാണ് കെ. അനിൽകുമാർ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
ഉമ്മൻ ചാണ്ടിക്ക് ആയുർവേദ ചികിത്സ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ എന്ന് 2022 ഒക്ടോബറിൽ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിൽ ചാണ്ടി ഉമ്മൻ പറയുന്നുണ്ട്. 2019 മുതൽ ഉമ്മൻ ചാണ്ടിക്ക് നൽകിയ ചികിത്സകൾ വിശദീകരിച്ചു കൊണ്ടാണ് വിഡി സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. അനിൽകുമാർ മൂന്നാം കിട നേതാവ് എന്ന പരാമർശത്തിനും അദ്ദേഹം പോസ്റ്റിലൂടെ മറുപടി നൽകിയിട്ടുണ്ട്.
പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് നേരത്തേ ഉയർന്നു വന്നിരുന്ന ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കാനാണ് സിപിഐഎമ്മിന്റെ നീക്കമെന്നാണ് സൂചന. ചികിത്സാ നിഷേധത്തിന് തെളിവുകൾ ഉണ്ടെന്നും, സമയാവുമ്പോൾ അത് പുറത്തുവരുമെന്നും കഴിഞ്ഞ ദിവസം അനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ പേരിൽ ചിലർ ഒഴുക്കുന്നത് മുതലക്കണ്ണീരാണ് എന്നതിന്റെ തെളിവുകൾ, ചികിത്സാ നിഷേധത്തിൽ സർക്കാരിന് ഇടപെടേണ്ടി വന്നതുമായി ബന്ധപ്പെട്ട് ലഭ്യമാണെന്നും പ്രതിപക്ഷത്തിന് ഇതിൽ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെ അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രതിപക്ഷ നേതാവ് പറഞ്ഞത് കള്ളം ..
ചാണ്ടി ഉമ്മൻ സംസാരിക്കട്ടെ.
ആദരണീയനായ ഉമ്മൻ ചാണ്ടിയെ തീ വെട്ടി കൊള്ളക്കാരനെന്ന് 2016ൽ വിഡി സതീശൻ വിളിക്കുമ്പോൾ ഉമ്മൻ ചാണ്ടി ഒന്നാം നിര രാഷ്ടീയക്കാരനായിരുന്നു ..
മൂന്നാം നിര രാഷ്ടീയക്കാർ സംസാരിക്കരുത് എന്ന സതീശൻ്റെ ഭാഷ്യം 2016ൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ സതീശൻ മറന്നു പോയോ. അതിനാൽ സതീശൻ തന്നെയാണു നിലവാരം നിശ്ചയിക്കാൻ കേമൻ. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മറികടന്നു പ്രതിപക്ഷ നേതൃനിരയിൽ “പുനർജനി ” നേടിയ പ്രതിപക്ഷ നേതാവ് ഞാൻ ഉന്നയിച്ച ചോദ്യത്തിനു പറഞ്ഞ മറുപടി കളവല്ലേ.
ഉമ്മൻ ചാണ്ടിയുടെ സഹോദരൻ പൊതുമണ്ഡലത്തിൽ ചികിത്സ സംബന്ധിച്ച് വെളിപ്പെടുത്തി. അത് മാധ്യമങ്ങളിൽ വന്നു.സർക്കാർ ഇടപ്പെട്ടു.
ഇത്രയും സത്യം.
ഉമ്മൻ ചാണ്ടി സ്മരണയിൽ വിതുമ്പുന്ന സതീശനും സംഘത്തിനും ഉമ്മൻ ചാണ്ടിയുടെ സഹോദരനെ ബോധ്യപ്പെടുത്താനാകാതിരുന്ന കാര്യങ്ങളാണു നൽകപ്പെട്ട ചികിത്സയുടെ അവകാശവാദങ്ങളായി സതീശൻ ഇന്നു പറഞ്ഞത്. പക്ഷെ തെറ്റി.
2022 ൽ ഒക്ടോബർ മാസം ബഹു; ചാണ്ടി ഉമ്മൻ നൽകിയ പോസ്റ്റ് വായിക്കുക.
ആവശ്യമുള്ളവർക്ക് ലിങ്ക്‌ലഭ്യവുമാണ്.
ഏതു ചർച്ചയിലാണ് ‘അത് എഴുതിയ തെന്നു കാണുക. ആയുർവേദ ചികിത്സ മാത്രം ആവശ്യമുണ്ടായിരുന്നുവെന്നു ചാണ്ടി ഉമ്മൻ: പ്രതിപക്ഷ നേതാവാകട്ടെ എന്തെല്ലാം അവകാശവാദങ്ങൾ ഉന്നയിച്ചു.
“ഇല്ലാത്ത രോഗത്തിന് വല്ലാത്ത ചികിത്സ നൽകിയവർ ” തുറന്നു കാട്ടപ്പെടുകയാണ്. ചാണ്ടി ഉമ്മൻ നിഷേധിച്ചാൽ ഫുൾ ലിങ്ക് ഹാജരാക്കാം.
അഡ്വ. കെ. അനിൽകുമാർ.
Story Highlights: Oommen Chandy’s treatment; K Anil Kumar fb post about Chandy Oommen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here