മന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ പ്രതിഷേധം; മണിപ്പൂർ നിയമസഭാ സമ്മേളനത്തിന് കുക്കി എംഎൽഎമാർ എത്തില്ല

മണിപ്പൂർ നിയമസഭാ സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കാൻ കുക്കി എംഎൽഎമാർക്ക് ITLF നിർദ്ദേശം. കുക്കി വിഭാഗക്കാർക്കെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് നീക്കം. ഗോത്രവിഭാഗക്കാരായ കുക്കികൾക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയിരുന്നു. കുക്കികളാണ് സംഘർഷത്തിനും കലാപത്തിനും പിന്നിലെന്ന മെയ്ത്തീ വിഭാഗത്തിന്റെ ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലുള്ള ഏകപക്ഷീയ പരാമർശമാണ് അമിത് ഷാ നടത്തിയത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന കുക്കി വിഭാഗത്തിന്റെ ആവശ്യം അദ്ദേഹം നിരസിക്കുകയും ചെയ്തു. ( Amit Shah’s statement; Kuki MLAs will not attend Manipur assembly session ).
മണിപ്പൂരിലെ സംഘർഷസംഭവങ്ങൾ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തലവനായ സമിതി അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു. സിബിഐ നടത്തുന്ന അന്വേഷണത്തിന് ജുഡീഷ്യൽ സമിതി മേൽനോട്ടം വഹിക്കും. മണിപ്പുർ ഗവർണർ അനസൂയ ഉയിക്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിക്കും. എല്ലാ രാഷ്ട്രീയ പാർടി പ്രതിനിധികളും ഇരുവിഭാഗങ്ങളുടെ പ്രതിനിധികളും കമ്മിറ്റിയിൽ ഉൾപ്പെടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
മണിപ്പൂരിൽ പൊലീസിന്റെ വ്യാപക പരിശോധനയിൽ നിരവധി ആയുധങ്ങളാണ് ഇന്ന് പിടികൂടിയത്. 14 തോക്കുകളും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഇംഫാൽ, തൗബാൽ, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേസമയം, മണിപ്പൂരിൽ സ്ത്രീകൾക്ക് ക്രൂരമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് തടയാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു.
മെയ് 4 മുതൽ മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവം അന്വേഷിക്കാൻ വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട് കോടതി ആവശ്യപ്പെട്ടു. സ്ത്രീകളെ ലൈംഗിക കുറ്റകൃത്യങ്ങൾക്കും അക്രമങ്ങൾക്കും വിധേയരാക്കുന്നത് പൂർണമായും അംഗീകരിക്കാനാവില്ലെന്നും ഭരണഘടനാ മൂല്യങ്ങളായ അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം, സ്വയംഭരണം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Story Highlights: Amit Shah’s statement; Kuki MLAs will not attend Manipur assembly session
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here