Advertisement

അയർലൻഡ് പര്യടനം: സിതാൻഷു കൊട്ടക് ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമെന്ന് റിപ്പോർട്ട്

August 13, 2023
Google News 2 minutes Read
Team India Gets New Head Coach For Ireland T20

അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ആഭ്യന്തര താരം എത്തിയേക്കുമെന്ന് റിപ്പോർട്ട്. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചതും, സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ദ്രാവിഡിന്റെ റോൾ ഏറ്റെടുക്കുന്ന വി.വി.എസ് ലക്ഷ്മണന്റെ അഭാവവുമാണ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള കാരണം. ഇരുവരുടെയും അഭാവത്തിൽ സിതാൻഷു കൊട്ടക് മുഖ്യ പരിശീലകനാകുമെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം ലക്ഷ്മൺ അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകേണ്ടതായിരുന്നു. എന്നാൽ യുവ താരങ്ങൾക്കായി ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന പരിശീലന ക്യാമ്പിന്റെ മേൽനോട്ടം വഹിക്കുന്നത് അദ്ദേഹമാണ്. അഭിഷേക് ശർമ്മ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, പ്രഭ്സിമ്രാൻ സിംഗ്, സായ് സുദർശൻ, ആകാശ് സിംഗ്, രാജ്വർദ്ധൻ ഹംഗാർഗെക്കർ, ദിവ്യാൻഷ് സക്‌സേന തുടങ്ങിയ യുവതാരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 5 വരെയാണ് ക്യാമ്പ്.

ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന അയർലൻഡ് പരമ്പരയ്ക്കുള്ള ടീമിനൊപ്പം ചേരാനാകില്ല. ഇതോടെയാണ് സിതാൻഷു കൊട്ടക് മുഖ്യ പരിശീലകൻ്റെ വേഷത്തിൽ എത്തുന്നത്. നിലവിൽ എൻസിഎയിൽ ഇന്ത്യ എ ടീമിന്റെ മുഖ്യ പരിശീലകനാണ് കൊട്ടക്. രണ്ട് വർഷം എ ടീമിനെ പരിശീലിപ്പിച്ചതിന്റെ അനുഭവപരിചയം സിതാൻഷുവിനുണ്ട്. ടീമിന്റെ ബൗളിംഗ് പരിശീലകനായി സായിരാജ് ബഹുതുലെയും കൊട്ടക്കിനൊപ്പം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

അയർലൻഡ് പരമ്പരയിൽ ടി20 മാത്രമേ ഉണ്ടാകൂ. എന്നാൽ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് കണക്കിലെടുത്ത് ഇന്ത്യൻ ടീം മാനേജ്‌മെന്റിന് മത്സരം വളരെ പ്രധാനമാണ്. പരമ്പരയിൽ റുതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാൾ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ തുടങ്ങിയ യുവ താരങ്ങളും അണിനിരക്കുന്നുണ്ട്. യുവതാരങ്ങൾക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള സുവർണാവസരം കൂടിയാണിത്.

Story Highlights: Team India Gets New Head Coach For Ireland T20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here