Advertisement

‘മഥുര ഈദ് ഗാഹ് മസ്ജിദ് പരിസരത്ത് ആർക്കിയോളജിക്കൽ സർവേ പരിശോധന നടത്തണം’; ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

August 16, 2023
2 minutes Read
mathura masjid archeological survey

മഥുരയിലെ ഇപ്പോഴത്തെ ഈദ് ഗാഹ് മസ്ജിദ് പരിസരത്ത് ആർക്കിയോളജിക്കൽ സർവേയുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. (mathura masjid archeological survey)

ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്തെ ആരാധനാലയം തകർത്ത് മുഗൾ ചക്രവർത്തി ഔറംഗസേബ് അവിടെ മസ്ജിദ് നിർമ്മിച്ചുവെന്നാണ് ഹരജിക്കാരുടെ വാദം. പള്ളി നിൽക്കുന്ന 13.37 ഏക്കർ സ്ഥലം തിരികെ നൽകണമെന്നും നിർമാൺ ട്രസ്റ്റ് ആവശ്യപ്പെടുന്നു. ശാസ്ത്രീയ സർവേ നടന്നാൽ തങ്ങൾ ഉന്നയിക്കുന്ന വാദങ്ങൾക്ക് അടിസ്ഥാനമായ തെളിവ് ലഭിയ്ക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിന്റെ നിലനില്പുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മറ്റി സമർപ്പിച്ച അപേക്ഷ ആദ്യം പരിഗണിയ്ക്കാൻ ഉള്ള മധുര സിവിൽ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജിക്കാർ സുപ്രിം കോടതിയെ സമീപിച്ചത്.

Read Also: ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ സര്‍വെ നടത്താന്‍ അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി

അതേസമയം, ഉത്തർ പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകി. വാരണാസി കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ശാസ്ത്രീയ സര്‍വേയ്ക്ക് അനുമതി നല്‍കിയിരിക്കന്നത്. നീതി സംരക്ഷിക്കാന്‍ സര്‍വെ അനുവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

സര്‍വേ നടത്തുന്നത് മസ്ജിദിന് കേടുപാടുകളുണ്ടാക്കും എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സര്‍വെയ്ക്ക് കോടതി അനുമതി നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് വരുന്നത് വരെ സര്‍വെ നടക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാക്കര്‍ വ്യക്തമാക്കിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിഷയത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം എത്തിയിരിക്കുന്നത്.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. വുദുഖാനയുടെ ജലധാരയുള്ള സ്ഥലത്ത് ഒഴികെ സര്‍വേ നടത്താനായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചിരുന്നത്.

Story Highlights: mathura idgah masjid archeological survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top