‘മുന്നോട്ടുള്ള യാത്രയില്‍ വഴിവിളക്ക് രാജീവ് ഗാന്ധി’; പോസ്റ്റുമായി രമേശ് ചെന്നിത്തല

രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുന്നോട്ടുള്ള പ്രയാണത്തില്‍ വഴിവിളക്ക് രാജീവ് ഗാന്ധിയാണെന്നും കാന്തിക പ്രഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് എന്നുമാണ് ചെന്നിത്തലയുടെ വാക്കുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പോസ്റ്റ്.
‘എന്റെ ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ്ജി. അദ്ദേഹത്തിന്റെ നിഴലില്‍, തണലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ എന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് രാജീവ്ജിയായിരുന്നു.
കാന്തിക പ്രഭാവമാണ് ആ വ്യക്തിത്വത്തിന് ഉണ്ടായിരുന്നത്. ഇന്ത്യയെന്ന മഹത്തായ രാജ്യം പ്രപഞ്ചത്തോളം വളരുന്ന സ്വപ്നമായിരുന്നു ആ മനസ്സു നിറയെ. ജീവിച്ചതും മരിച്ചതും ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു. രാജീവ്ജിയുടെ ജന്മദിനത്തില്‍ ആ മഹാതേജസ്സിന്റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു. ഈ ഓര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എന്റെ വഴിവിളക്ക്…’ ചെന്നിത്തല കുറിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. 19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ സ്ഥിരം ക്ഷണിതാവ് മാത്രമായി കേരളത്തിലെ മുതിര്‍ന്ന നേതാവ്. ചെന്നിത്തലക്കൊപ്പമോ അദ്ദേഹത്തിനു കീഴിലോ പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആയപ്പോഴാണ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയത്. അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന വികാരമാണ് ചെന്നിത്തലക്ക് ഒപ്പമുള്ളവര്‍ക്ക്. കേന്ദ്ര നേതൃത്വത്തിന്റെ നടപടിയില്‍ നീരസമുള്ള രമേശ് ചെന്നിത്തല, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചുമില്ല.
Story Highlights: Ramesh Chennithala’s facebook post about Rajeev gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here