Advertisement

‘പുറത്തുവരുന്നത് സനാതന സ്വഭാവം’; പ്രഭാതഭക്ഷണ പദ്ധതിയെ പരിഹസിച്ച പത്രത്തെ അപലപിച്ച് എം കെ സ്റ്റാലിന്‍

August 31, 2023
Google News 2 minutes Read
MK Stalin condemns newspaper for mocking CM's Breakfast Scheme

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്ന ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ഈ സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രമായ ദിനമലര്‍. മുഖ്യമന്ത്രി കുട്ടികള്‍ക്കൊപ്പമിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്നത് പരിഹാസ്യമാണെന്നും അര്‍ത്ഥമില്ലാത്തതാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനമുന്നയിച്ച പത്രത്തിനെതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ രംഗത്തെത്തി. പത്രം കാണിച്ചത് അതിന്റെ സനാതന സ്വഭാവമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ദിനമലറിനെ അപലപിച്ച് ഡിഎംകെ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

ദിനമലര്‍ എന്ന ദിനപത്രത്തിന്റെ സേലം, ഈറോഡ് എഡിഷനുകളിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി എന്ന തലക്കെട്ടോടെ നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍, ‘വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സ്‌ക്വയര്‍ ഭക്ഷണം, സ്‌കൂളുകളില്‍ ടോയ്ലറ്റുകള്‍ നിറഞ്ഞു കവിയുന്നു’ എന്നാണ് പരിഹാസം.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് കഴിക്കുന്ന പ്രഭാതഭക്ഷണം കാരണം, കഴിഞ്ഞ ഒരാഴ്ചയായി സ്‌കൂളുകളിലെ ശുചിമുറികളില്‍ വലിയ തിരക്കാണെന്ന് പദ്ധതിയെ വിമര്‍ശിച്ച് പത്രം ചൂണ്ടിക്കാട്ടുന്നു. നേരത്തെ ദ്രാവിഡ പാര്‍ട്ടികളും ഡിഎംകെയും എഐഎഡിഎംകെയും നടപ്പാക്കിയ ക്ഷേമപദ്ധതികളെ പരിഹസിച്ചതിന് മുന്‍പും ബിജെപി അനുകൂല പത്രമായ ദിനമലര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

മനു സ്മൃതിയുടെ പ്രചാരകര്‍ തൊഴിലാളിവര്‍ഗത്തെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ചൂഷണം ചെയ്യുമ്പോള്‍ ‘എല്ലാവര്‍ക്കും വേണ്ടി’ എന്ന ആശയം ഉയര്‍ത്തി സാമൂഹ്യനീതി നേടിയെടുക്കാനാണ് ദ്രാവിഡ പ്രസ്ഥാനം ശ്രമിക്കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. മനുധര്‍മമാണ് ദിനമലര്‍ പത്രം എന്നും കൊണ്ടുനടക്കുന്നത്. ശൂദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന രീതി തകര്‍ത്തത് ദ്രാവിഡഭരണമാണ്. അവരാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ വിപ്ലവം വരെ കൊണ്ടുവന്നത്. 21ാം നൂറ്റാണ്ടില്‍ ചന്ദ്രനിലേക്ക് പേടകങ്ങള്‍ അയക്കുമ്പോള്‍ സനാതന ധര്‍മ്മം പ്രചരിപ്പിക്കുന്നവര്‍ ഇത്തരമൊരു തലക്കെട്ടാണ് നല്‍കുന്നതെങ്കില്‍ 100 വര്‍ഷം മുമ്പ് അതെന്തുചെയ്യുമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും? സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: പൊതു മുന്നറിയിപ്പ്

തമിഴ്നാട്ടിലെ 31,000 പ്രൈമറി സ്‌കൂളുകളിലും 17 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പ്രഭാതഭക്ഷണ പദ്ധതി. സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയില്‍ ഇള്‍പ്പെടുത്തിയിരിക്കുന്നത്.

Story Highlights: MK Stalin condemns newspaper for mocking CM’s Breakfast Scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here