മുഖ്യമന്ത്രി ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം; നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പാണെന്നും വിശ്വാസ്യത ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ വി.എസ് ഉൾപ്പെടെയുള്ളവർ ഹീനമായി ഉമ്മൻചാണ്ടിയെ വ്യക്തിഹത്യ നടത്തിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പച്ചക്കള്ളങ്ങളുടെ ഗോപുരങ്ങളിൽ ഇരുന്നാണ് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞത്. മുഴുവൻ ആരോപണങ്ങളും വസ്തുതാ വിരുദ്ധമാണെന്ന് സിബിഐ തന്നെ പറയുന്നു. വ്യാജ കത്തുകളുടെ പേരിൽ സത്യ സന്ധനായ പൊതുപ്രവർത്തകനെ വേട്ടയാടിയവർ മാപ്പ് പറയണം. സോളാർ കേസ് രാഷ്ട്രീയ ദുരന്തമാണ്. നിരപരാധി ആണെന്നറിഞ്ഞിട്ടും ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി.
പരാതിക്കാരിയിൽ നിന്ന് കത്ത് വാങ്ങേണ്ടത് ആരുടെയൊക്കെയോ താല്പര്യമായിരുന്നു. നന്ദകുമാറിന് ദല്ലാൾ എന്ന പേര് വന്നത് എന്ന് മുതൽ ആണെന്ന് എല്ലാവർക്കും അറിയാം. പരാതിക്കാരിയെ മുഖ്യമന്ത്രിക്ക് കാണാൻ ദല്ലാൾ അവസരം ഉണ്ടാക്കി കൊടുത്തത് എങ്ങനെയാണ്. സ്ത്രീയുടെ പരാതിയായതുകൊണ്ട് എഴുതി വാങ്ങിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പരാതി നൽകാൻ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തെരുവിൽ വലിച്ചിഴച്ച കൂട്ടരാണ് ഇടതുപക്ഷം.
പിസി ജോർജിനെ പോലുള്ള പൊളിറ്റിക്കൽ വേസ്റ്റിന്റെ വാക്ക് കേട്ടാണ് സർക്കാർ മുന്നോട്ട് പോയത്. ഈ വിധമൊരു അധിക്ഷേപം നേരിടേണ്ടിയിരുന്ന ആളാണോ ഉമ്മൻചാണ്ടി. 2016ൽ മുഖ്യമന്ത്രി അധികാര കസേരയിൽ ഇരുന്നത് പരാതിക്കാരിയുടെ സ്പോൺസർഷിപ്പിൽ ആണോ എന്ന് വ്യക്തമാക്കണം. ക്രിമിനൽ ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരണമെന്നും ഉമ്മൻചാണ്ടിയോട് രാഷ്ട്രീയമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബിഐ റിപ്പോർട്ട് വന്നിരുന്നു. എന്നാലിത് ശരണ്യ തള്ളിയിരുന്നു. പരാതിക്കാരി എഴുതിയ യഥാർത്ഥ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താൻ തന്നെ സിബിഐയിൽ പറഞ്ഞതാണെന്നും, പിന്നെങ്ങനെയാണ് തന്റെ പേര് സിബിഐ ഗൂഡാലോചനയിൽ ഉൾപ്പെടുത്തിയതെന്നും ശരണ്യ ട്വന്റിഫോറിനോട് ചോദിച്ചു.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നുവെന്നും ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ് സിബിഐ പറയുന്നത്. ഈ കണ്ടെത്തലിനെതിരെയാണ് നിലവിൽ ശരണ്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Story Highlights: SOLAR; PINARAYI VIJAYAN should apologize to Oommen Chandy; Shafi Parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here