Advertisement

പക വീട്ടി ഇന്ത്യ; 23 വര്‍ഷം കൊണ്ടു നടന്ന നാണക്കേട് ശ്രീലങ്കയ്ക്ക് കൊടുത്തു

September 18, 2023
Google News 2 minutes Read
IND vs SRI Asia cup final

ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞൊതുക്കിയത്. എന്നാല്‍ ഈ വിജയത്തോടെ ഇന്ത്യ 23 വര്‍ഷമായി കൈവശം സൂക്ഷിച്ചിരുന്ന ഒരു നാണക്കേടു കൂടി ശ്രീലങ്കയ്ക്ക് കൈമാറിയിട്ടുണ്ട്. അന്ന് നാണക്കേടിലേക്ക് ഇന്ത്യ തള്ളിവിട്ടവര്‍ക്ക് തന്നെ ആ റെക്കോര്‍ഡ് തിരിച്ചുകൊടുത്താണ് ഏഷ്യന്‍ രാജാക്കന്മാരായി ഇന്ത്യ മടങ്ങുന്നത്.

2000ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 54 റണ്‍സിന് പുറത്താക്കിയിരുന്നു. ഷാര്‍ജയില്‍ വെച്ചാണ് ഇന്ത്യയെ ശ്രീലങ്ക നാണക്കേടിലേക്ക് തള്ളിവിട്ടത്. ഇതേ ശ്രീലങ്കയെ സ്വന്തം നാട്ടില്‍ വെച്ചുതന്നെ 50 റണ്‍സിന് പുറത്താക്കി മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരെ ഏകദിന ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണ് ഏഷ്യാകപ്പ് ഫൈനലില്‍ ലങ്കയുടെ പേരിലായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ശ്രീലങ്കയുയര്‍ത്തിയ വിജയലക്ഷ്യം 6.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. 263 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ആധികാരിക വിജയം. 2014ല്‍ ബംഗ്ലാദേശ് നേടിയ 58 റണ്‍സായിരുന്നു ഏറ്റവും ചെറിയ സ്‌കോര്‍. ഒരു ഏകദിന ടൂര്‍ണമെന്റ് ഫൈനലിലെ ഏറ്റവും വലിയ വിജയവും ഇന്ത്യയുടേതാണ്.

ഇന്നിങ്സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുക്കുകയായിരുന്നു. 21 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് താരം നേടിയത്.

Story Highlights: Asia Cup Final India Serve Revenge To Sri Lanka After 23 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here