Advertisement

കഴിഞ്ഞ നാല് ദിവസമായി നിപ കേസുകൾ ഇല്ല; ചികിത്സയിലുള്ളവരുടെ നില തൃപ്തികരം: രോഗവ്യാപനം തടയാൻ സാധിച്ചു എന്ന് ആരോഗ്യമന്ത്രി

September 20, 2023
Google News 2 minutes Read
nipah control veena george

കഴിഞ്ഞ നാല് ദിവസമായി നിപ പോസിറ്റീവ് കേസുകൾ ഇല്ല എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെടുന്നു. ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നില തൃപ്തികരമാണ്. രോഗവ്യാപനം തടയാൻ സാധിച്ചു എന്നും മന്ത്രി പറഞ്ഞു. എങ്കിലും പൂർണമായി ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. (nipah control veena george)

994 പേർ ഐസൊലേഷനിലുണ്ട്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 323 സാമ്പിൾ പരിശോധിച്ചു. ഇതിൽ 317ഉം നെഗറ്റീവാണ്. ഒന്നാം കേസിലെ ഹെെ റിസ്ക് കോൺടാക്ട് എല്ലാം പരിശോധിച്ചു. ഇൻഡക്സ് കേസ് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ നിഗമനം കൃത്യമായിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞിന്റെ ഓക്സിജൻ സഹായം നീക്കിയിട്ടുണ്ട്. നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ യുവാവിനെ നിപ ലക്ഷണങ്ങളോടെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read Also: കേരളത്തിൽ നിന്ന് മടങ്ങിയ യുവാവ് കൊൽക്കത്തയിൽ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

കേരളത്തിൽ അതിഥി തൊഴിലാളിയായി ജോലി ചെയ്യുന്ന ബർദ്വാൻ സ്വദേശിയെയാണ് കടുത്ത പനിയും ഛർദ്ദിയും തൊണ്ടയിലെ അണുബാധയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടർന്ന് 20കാരൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് ഇയാൾ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയെത്തിയത്.

എന്നാൽ പിന്നീട് വീണ്ടും കടുത്ത പനി അനുഭവപ്പെട്ടു തുടങ്ങി. ഇതോടെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ ആദ്യം നാഷണൽ മെഡിക്കൽ കോളജിലേക്കും പിന്നീട് ബെലിയാഘട്ട ഐഡി ആശുപത്രിയിലേക്കും മാറ്റി. ഇയാൾ നിരീക്ഷണത്തിലാണെന്നും പരിശോധനകൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സംസ്ഥാനത്ത് നിപ വ്യാപനം തടയാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നിപ വ്യാപനം തടയാൻ ശാസ്ത്രീയമായ മുൻകരുതലുകൾ നടത്തിയത്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തിയതിനാൽ അപകടകരമായ സാഹചര്യം ഒഴിവായതായും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Story Highlights: nipah cases control veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here