കെ.എം ഷാജിക്ക് എതിരെ കേസെടുത്ത വനിതാ കമ്മിഷൻ സ്ത്രീകളെ അപമാനിച്ചു: കെ.പി.എ മജീദ്

ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണാ ജോർജിനെ വിമർശിച്ച കെ.എം ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മിഷൻ സ്ത്രീകളെ അപമാനിച്ചതായി മുസ്ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. പൊതു ഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചു പിടിക്കാനും രക്ഷപെടാനുമുള്ള പുകമറയല്ല സ്ത്രീത്വം. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു ഇല്ലെന്നു പ്രസംഗിച്ചത് എങ്ങിനെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ ആവുക.
മുൻ ആരോഗ്യ മന്ത്രിയും ഒരു സ്ത്രീ ആയിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗം നേരിട്ട് കേട്ട വ്യക്തിയാണ് ഞാൻ. സ്വമേധയാ ഇങ്ങനെ ഒരു കള്ളകേസെടുത്തവരെ സ്ത്രീയുടെ പരിശുദ്ധി ഓർമിപ്പിക്കേണ്ടി വരുന്നത് ലജ്ജാവഹമാണ്. വഹിക്കുന്ന സ്ഥലത്തിന്റെ അന്തസ് ഉയർത്തി പിടിക്കാനും വിമർശനത്തിനു മറുപടി നൽകാനും ത്രാണിയുള്ളവരാണ് സ്ത്രീകൾ.
ശാരീരിക പീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മിഷൻ മുസ്ലിം ലീഗ് നേതാവിനെതീരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെണ്മക്കളെ വേട്ടയാടിയത് വരെ കമ്മിഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങൾ ഉണ്ട്.
സിപിഎം കളിപ്പാവയായി അധപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കാൻ സുഗതകുമാരിയെ പോലുള്ളവർ നയിച്ച വനിതാ കമ്മീഷൻ തയ്യാറാവണം. ഇത്തരം കള്ളകേസുകളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോല്പിക്കും. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നത് ഓർത്താൽ നന്നെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.
Story Highlights: Kerala Women’s Commission insulted women: KPA Majeed supported KM Shaji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here