Advertisement

“അന്ന് പിതാവ്, ഇന്ന് മകൻ”; ഇന്തോ-കാനഡ ബന്ധം വഷളായി തുടങ്ങിയത് പിയറി ട്രൂഡോയിൽ നിന്ന്!!

September 23, 2023
Google News 4 minutes Read

കാനഡയിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്ക് മുമ്പ്, അദ്ദേഹത്തിന്റെ പിതാവും കാനഡയുടെ 15-ാമത്തെ പ്രധാനമന്ത്രിയുമായ പിയറി എലിയട്ട് ട്രൂഡോയും ഇന്ത്യ സന്ദർശിച്ചിരുന്നു. 1971 ജനുവരിയിൽ പിയറി ട്രൂഡോ അഞ്ച് ദിവസം ഇന്ത്യയിൽ പര്യടനം നടത്തി. ഒട്ടകപ്പുറത്ത് കയറിയും താജ്മഹൽ സന്ദർശിച്ചും ഗംഗ സന്ദർശനം നടത്തിയതായും ന്യൂഡൽഹിയിൽ സേവനമനുഷ്ഠിച്ച കനേഡിയൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ഗാർ പാർഡി എഴുതി. (Why Trudeaus have difficult relationship with India)

വാസ്തവത്തിൽ, ഇന്തോ-കാനഡ ബന്ധം വഷളാകുന്നത് പിയറി ട്രൂഡോയിൽ നിന്നാണ് ആരംഭിച്ചത്. എന്നാൽ ഇത് ഖാലിസ്ഥാനി പ്രശ്‌നം കൊണ്ട് മാത്രമായിരുന്നില്ല. സമാധാനപരിശ്രമങ്ങൾക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ ആണവ സ്‌ഫോടനമാണ് ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയത്. സമ്പുഷ്ടമാക്കാത്ത യുറേനിയം ഉപയോഗിച്ച് ന്യൂക്ലിയർ എനർജി ഉത്പാദിപ്പിക്കാൻ കാനഡ ഡ്യൂറ്റീരിയം യുറേനിയം (CANDU) റിയാക്‌ടർ കാനഡ അനുവദിച്ചിരുന്നു. സമ്പുഷ്ടീകരണ സൗകര്യങ്ങളില്ലാത്ത ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് ഇത് പ്രയോജനകരമായിരുന്നു. എന്നാൽ പ്രവേശന തടസ്സത്തിൽ ഇളവ് വരുത്തി അത് പ്ലൂട്ടോണിയത്തിലേക്കും പിന്നീട് ആണവായുധങ്ങളിലേക്കും പ്രവേശനം നൽകി.

യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയും ചേർന്ന് ഇന്ത്യയുടെ സിവിൽ ന്യൂക്ലിയർ പ്രോഗ്രാമിൽ ആണവോർജ്ജ പദ്ധതിയിലും കനേഡിയൻ-ഇന്ത്യൻ റിയാക്ടർ, യുഎസ് സിറസ് ആണവ റിയാക്ടറിലും സഹകരിച്ചു. CIRUS റിയാക്ടർ 1960 ജൂലൈയിൽ കമ്മീഷൻ ചെയ്യുകയും കനേഡിയൻ സഹകരണത്തോടെ ഹോമി ജഹാംഗീർ ഭാഭയുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും ചെയ്തു.

ഈ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നും ഇന്ത്യ ആണവ ഉപകരണം പരീക്ഷിച്ചാൽ, കാനഡ അതിന്റെ ആണവ സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അന്ന് കനേഡിയൻ പ്രധാനമന്ത്രി പിയറി ട്രൂഡോ പറഞ്ഞു. 1974-ൽ, പിയറി ട്രൂഡോയുടെ സന്ദർശനത്തിന് മൂന്ന് വർഷത്തിന് ശേഷം, സിറസ് റിയാക്ടറിൽ നിന്നുള്ള പ്ലൂട്ടോണിയം ഉപയോഗിച്ച് ഇന്ത്യ അവരുടെ പൊഖ്‌റാൻ പരീക്ഷണ സ്ഥലത്ത് ഒരു ആണവായുധം പരീക്ഷിച്ചതായി സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഗവേഷണ പ്രബന്ധം പറയുന്നു.

ഇത് സമാധാനപരമായ ആണവ സ്ഫോടനമാണെന്നും കാനഡയുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ പറഞ്ഞു. എന്നാൽ പിയറി ട്രൂഡോ ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിക്കുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയും ഇന്ത്യയിലെ മറ്റ് റിയാക്ടറിൽ പ്രവർത്തിക്കുന്ന കനേഡിയൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തതായി കൊളംബിയ യൂണിവേഴ്സിറ്റി ഗവേഷണ പ്രബന്ധം പറയുന്നു.

എന്നാൽ ആണവ ബന്ധങ്ങളിലെ ഈ മരവിപ്പ് ഇല്ലാതാക്കാൻ വർഷങ്ങളെടുത്തു. 2010ൽ ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാനഡ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ ആണവ സഹകരണ കരാർ ഒപ്പുവക്കുകയായിരുന്നു. എന്നാൽ പൊഖ്‌റാൻ ആണവ പരീക്ഷണം മാത്രമല്ല ബന്ധം വഷളാക്കിയത്. ഖാലിസ്ഥാനി ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കാൻ പിയറി ട്രൂഡോ വിസമ്മതിച്ചത് ഇന്ത്യ-കനേഡിയൻ ബന്ധത്തിന് കനത്ത തിരിച്ചടിയാവുകയും കനേഡിയൻമാർക്ക് നേരെയുള്ള ഏറ്റവും മോശമായ ഭീകരാക്രമണത്തിന് കാരണമാവുകയും ചെയ്തു.

19-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ സിഖുകാർ കനേഡിയൻ മൊസൈക്കിന്റെ ഒരു പ്രധാന ഭാഗമാണ്. 1970-കളുടെ മധ്യത്തിൽ ഇമിഗ്രേഷൻ നിയമത്തിൽ വന്ന മാറ്റങ്ങളോടെ അവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. 2018-ൽ ഒട്ടാവ സിറ്റിസണിൽ നിന്ന് വിരമിച്ച കനേഡിയൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ഗാർ പാർഡി എഴുതി. ഇപ്പോൾ, 7.7 ലക്ഷത്തിലധികം വരുന്ന സിഖുകാർ അതായത് കാനഡയിലെ മൊത്തം ജനസംഖ്യയുടെ 2 ശതമാനത്തോളം വരുന്ന ഇവർ അവിടെ രാഷ്ട്രീയമായി സ്വാധീനമുള്ള ഒരു സമൂഹമാണ്.

Read Also: ബന്ധുക്കള്‍ ഉപേക്ഷിച്ച അബൂബക്കറിന് സാമൂഹ്യനീതി വകുപ്പ് തണലൊരുക്കി; തുണയായത് ട്വന്റിഫോര്‍ വാര്‍ത്ത

1980-കളിൽ തീവ്രവാദം ഇല്ലാതാക്കിയതിന് ശേഷം കാനഡയിൽ അഭയം പ്രാപിച്ചവരിൽ പഞ്ചാബിൽ നിന്നുള്ള തീവ്രവാദികളും ഉണ്ടായിരുന്നു. അത്തരത്തിലൊരു ഭീകരനായിരുന്നു തൽവീന്ദർ സിംഗ് പർമർ. 1981ൽ പഞ്ചാബിൽ രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം അയാൾ കാനഡയിലേക്ക് രക്ഷപ്പെട്ടു.

ഖാലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുടെ അംഗമായ പർമർ, വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾക്ക് നേരെ ആക്രമണത്തിനും വർഗീയ കൊലപാതകങ്ങൾക്കും ആഹ്വാനം ചെയ്തു. പാർമറെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പിയറി ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ അഭ്യർത്ഥന നിരസിച്ചു. മാത്രവുമല്ല ഇന്ത്യയിൽ നിന്ന് അയച്ച ഇന്റലിജൻസ് മുന്നറിയിപ്പുകൾ പോലും അവഗണിച്ചു.

ഖാലിസ്ഥാനി ഭീകരർ വിമാനത്തിൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് 1985 ജൂൺ 1 ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ കനേഡിയൻ അധികാരികൾക്ക് അടിയന്തര സന്ദേശം അയച്ചതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. അത് സംഭവിക്കുകയും ചെയ്തു. 1985 ജൂൺ 23-ന്, ടൊറന്റോയിൽ നിന്ന് യുകെയിലെ ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ 182 (കനിഷ്‌ക) ഫ്ലൈറ്റിൽ രണ്ട് സ്യൂട്ട്കേസുകളിലായി ബോംബ് സ്ഥാപിക്കുകയും വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കനേഡിയൻമാരായിരുന്നു. കനിഷ്‌ക ബോംബിംഗ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായി തുടരുന്നു.

പിയറി ട്രൂഡോ സംരക്ഷിച്ച പാർമർ കനിഷ്‌ക ബോംബാക്രമണത്തിന്റെ സൂത്രധാരനായിരുന്നു. 1992-ൽ പഞ്ചാബിൽ വെച്ച് പോലീസുകാർ അയാളെ കൊലപ്പെടുത്തി. ഈ വർഷം ജൂണിൽ കാനഡയിലെ വിവിധ സ്ഥലങ്ങളിൽ പാർമറിനെ ആദരിക്കുന്ന പോസ്റ്ററുകൾ കണ്ടു.

കനിഷ്‌ക ബോംബാക്രമണത്തിന് അറസ്റ്റിലായ തൽവീന്ദർ സിംഗ് പാർമർ ഉൾപ്പെടെ എല്ലാവരെയും വെറുതെവിട്ടു. ഒരാൾ മാത്രം ശിക്ഷിക്കപ്പെട്ടു. ഇന്ദർജിത് സിംഗ് റിയാത്തിന് 15 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. “ഈ സ്‌ഫോടനങ്ങളോടുള്ള കാനഡയുടെ അപര്യാപ്തവും അയോഗ്യവുമായ പ്രതികരണം ഒരിക്കലും ഇന്ത്യൻ ഗവൺമെന്റിന്റെ പ്രതീക്ഷകൾ നിറവേറ്റിയിരുന്നില്ല. “1982-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പിയറി ട്രൂഡോയോട് അതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ഖാലിസ്ഥാനി വെല്ലുവിളിയോടുള്ള സൗമ്യമായ കനേഡിയൻ പ്രതികരണവും ഇന്ത്യയ്ക്ക് യോജിക്കാൻ പറ്റുന്നതായിരുന്നില്ല.”

Story Highlights: Why Trudeaus have difficult relationship with India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here