Advertisement

കുക്കി ഭീകരർ ചെയ്തത് അങ്ങേയറ്റത്തെ കുറ്റകൃത്യം; കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്

September 27, 2023
Google News 1 minute Read
Biren Singh reacts to Manipur Violence

മണിപ്പൂരിൽ 2 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തില്‌ പ്രതികരണവുമായി മുഖ്യമന്ത്രി ബിരേൻ സിംഗ്. സംഭവം അപലപനീയമായമാണെന്നും കുക്കി ഭീകരർ ചെയ്തത് അങ്ങേയറ്റത്തെ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂരിൽ വംശീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഉത്തരവ് അടുത്തമാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 19 പ്രശ്നബാധിത മേഖലകളിലാണ് അഫ്സപ നീട്ടിയത്. വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേസ് അന്വേഷിക്കാൻ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും. അതിനിടെ കലാപത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.

വിവിധ ജില്ലകൾ നടത്തിയ പരിശോധനയിൽ പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാനായി ഉപയോഗിച്ചിരുന്ന ബങ്കറുകൾ പൊലീസ് തകർത്തു. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലാ അതിർത്തികളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

ഇതിനിടെ, സിബിഐ സംഘം മണിപ്പൂരിലേക്ക് തിരിച്ചു. രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് സിബിഐ ഡയറക്ടറും സംഘവും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം മണിപ്പൂരിലേക്ക് തിരിച്ചത്. കുട്ടികൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോകൾ പ്രചരിച്ചത്. അവസാനമായി കുട്ടികളുടെ ടവർ ലൊക്കേഷൻ ചുരാചന്ദ്പൂരി ലംധാൻ മേഖലയിൽ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. കുക്കി വിഭാഗക്കാർക്ക് സ്വാധീനമുള്ള മേഖലയാണിത്.

കുട്ടികൾ കൊല്ലപ്പെട്ടതിനു പിന്നാലെ കുക്കി വിഭാഗക്കാർക്കെതിരെ മെയ്തെയ്കളുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ രാത്രി വൈകിയും ഇംഫാലിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മെയ്‌തെയ് വിഭാഗക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. 50 ഓളം മെയ്‌തെയ്ക്കാർക്ക് പരുക്കേറ്റു. കുട്ടികളുടെ കൊലപാതകത്തിന് പിന്നിൽ കുക്കി സംഘടനകളെന്ന് മെയ്‌തെയ് ആരോപിച്ചു. സംഘർഷത്തെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം വീണ്ടും ഏർപ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു.

അതിനിടെ കലാപം ആരംഭിച്ച് 147 ദിവസമായിട്ടും പ്രധാനമന്ത്രിക്ക് സംസ്ഥാനം സന്ദർശിക്കാൻ സമയം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. മുഖ്യമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി സമാധാനം പുനസ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് നടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ജൂലൈ ആറിന് കാണാതായ രണ്ട് മെയ്തെയ് കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളെ ബന്ദികളാക്കിക്കൊണ്ട് ആയുധധാരികൾ നിൽക്കുന്ന ചിത്രമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ പുറത്തുവന്നിരിക്കുന്നത്. പിന്നാലെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങിന് നിർദേശം നൽകുകയായിരുന്നു.

കുട്ടികളെ കാണാതായതിന് പിന്നാലെ ജൂലൈ 19ന് പിതാന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സംസ്ഥാനത്തുടനീളം പൊലീസ് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്.

Story Highlights: Biren Singh reacts to Manipur Violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here