Advertisement

സ്വർണം എറിഞ്ഞിടുന്ന സൂപ്പർ ചാംപ്യൻ; നീരജാണ് താരം

October 8, 2023
Google News 2 minutes Read
neeraj chopra

തൻ്റെ എതിരാളികളിൽ പ്രമുഖനായ പാക്കിസ്ഥാൻ ജാവലിൻ താരം അർഷദ് നദീമുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന നീരജ് ചോപ്ര പാക്കിസ്ഥാൻ്റെ വളർന്നുവരുന്ന ജാവലിൽ താരം മുഹമ്മദ് യാസിർ സുൽത്താനോട് പറഞ്ഞു. “സ്വർണം നേടണമെങ്കിൽ കൂടുതൽ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കണം.” നീരജിൻ്റെ ഉപദേശം യാസിറിന് വലിയ പ്രോത്സാഹനമായി. യാസിർ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഹാങ്ചോയിൽ നദീം പരുക്കുമൂലം പിൻ വാങ്ങിയപ്പോൾ യാസിർ നാലാം സ്ഥാനം നേടി.

ന്യൂഡൽഹിയിൽ ജന്തർമന്തറിൽ വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക പീഡന പരാതി ഉയർത്തി സമരം ചെയ്തപ്പോൾ അവരെ പരസ്യമായി പിന്തുണയ്ക്കാൻ നീരജ് ചോപ്ര മടിച്ചില്ല. ഒരിക്കലല്ല, രണ്ടു തവണ നീരജ് വനിതാ ഗുസ്തി താരങ്ങൾക്കു നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടു. പല ഇന്ത്യൻ താരങ്ങളും ഏഷ്യൻ ഗെയിംസിനു തയാറെടുക്കാനെന്നു പറഞ്ഞു യുജെനിൽ നടന്ന ഡയമണ്ട് ലീഗിൽ നിന്നു പിൻവാങ്ങിയപ്പോൾ നീരജ് ചോപ്ര അവിടെയും മത്സരിച്ചാണ് ഹാങ്ചോയിൽ എത്തിയത്.

നിലവിൽ ഒളിംപിക് ചാംപ്യനും ലോക ചാംപ്യനുമായ നീരജ് ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തിയപ്പോൾ ഡയമണ്ട് ലീഗ് ഒഴിവാക്കിയെത്തിയവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. അതു കൊണ്ടാണ് പാക്കിസ്ഥാൻ യുവതാരത്തോടും നീരജ് കൂടുതൽ മൽസരങ്ങളിൽ പങ്കെടുക്കണമെന്ന് ഉപദേശിച്ചത്. ഇനി ഹാങ്ചോയിൽ സംഭവിച്ചതോ?

ബുഡാപെസ്റ്റ് ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടിയ പാക്കിസ്ഥാൻ താരം അർഷദ് നദീം 90 മീറ്ററിൽ കൂടുതൽ ജാവലിൻ എറിഞ്ഞിട്ടുണ്ട്.( 90.18 മീറ്റർ). പക്ഷേ, കാൽമുട്ടിലെ പരുക്കുമൂലം പിൻ വാങ്ങി. ഏഷ്യൻ റെക്കോർഡുകാരൻ ,ചൈനീസ് തായ്പേയ് യുടെ ചാവോ സുൻ ചെങ് (91.36 മീറ്റർ) രംഗത്തുണ്ടായിരുന്നു. പക്ഷേ, ഇതൊന്നും നീരജിനെ അലട്ടാറില്ല. നീരജിൻ്റെ മികച്ച പ്രകടനം 89.94 മീറ്റർ ആണ്.

ഹാങ്ചോയിൽ ഇന്ത്യയുടെ തന്നെ കിഷോർ കുമാർ ജെന മൂന്നാം ശ്രമത്തിൽ നീരജിനെ മറികടന്നു. നീരജിൻ്റെ മൂന്നാം ശ്രമം പാഴായി. മറ്റാരാണെങ്കിലും തെല്ലൊന്നു പതറും. പക്ഷേ, നീരജ് യാതൊരു പതർച്ചയുമില്ലാതെ നാലാം ശ്രമത്തിൽ സ്വർണം ഉറപ്പിച്ചു. ജെനയ്ക്കു വെള്ളി. ലോക ചാംപ്യൻഷിപ്പിൽ ജെന അഞ്ചാമനായിരുന്നു.

90 മീറ്റർ താണ്ടിയ ചരിത്രമുള്ളവരെ പിൻതള്ളിയാണ് നീരജ് ഒളിംപിക്സിലും ലോക ചാംപ്യൻഷിപ്പിലും സ്വർണം നേടിയത്. അദ്ദേഹത്തിൻ്റെ മുഖഭാവവും ശരീരഭാഷയും ലാളിത്യത്തോടെയുള്ള ആത്മവിശ്വാസത്തിൻ്റെ നേർച്ചിത്രമാണ്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി, വെള്ളി മെഡൽ ജേതാവ് ജെനയെ ആലിംഗനം ചെയ്തു .പിന്നെ, ജനയെയും കൂട്ടി റിലേ ടീമിൻ്റെ ആഹ്ളാദത്തിൽ പങ്കാളിയായി. ഇതാണു നീരജിനെ വ്യത്യസതനാക്കുന്നത്.

ഏഷ്യൻ ഗെയിംസിനോട് അനുബന്ധിച്ച് ചൈനയിലെ പത്രങ്ങളും ഏഷ്യൻ ഗെയിംസ് ടാബ്ളോയിഡും ഫോട്ടോ സഹിതം പ്രതിപാദിച്ച ഏക ഇന്ത്യൻ താരം നീരജ് ചോപ്രയാണ്. ഹാങ്ചോയിൽ ഇന്ത്യക്ക് 28 സ്വർണം കിട്ടി. ഇതിൽ വ്യക്തിഗത വിജയങ്ങൾ ഒരു ഡസനോളമുണ്ട്. പക്ഷേ, ഇതിൽ യഥാർഥ ചാംപ്യനായി മറ്റു രാജ്യങ്ങൾ ആദരവോടെ കാണുന്നത് നീരജിനെ. അതുകൊണ്ടാണ് നീരജ് ചോപ്രയുടെ സ്വർണത്തിനു മാറ്റു കൂടുന്നത്.നീരജിൻ്റെ വാക്കുകളും അദ്ദേഹത്തിൻ്റെ സാന്നിധ്യവും മറ്റു താരങ്ങൾക്ക് പ്രചോദനമാകണം.

Story Highlights: Asian games 2023 world champion Neeraj Chopra article by Sanil P Phomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here