ഇന്ത്യ – പാകിസ്താൻ മത്സരം കാണാൻ അമിതാഭ് ബച്ചനും രജനികാന്തും സച്ചിനുമെത്തും; മത്സരത്തിനു മുൻപ് അർജിത് സിംഗ് അടക്കമുള്ളവരുടെ പ്രകടനങ്ങൾ നടക്കുമെന്ന് റിപ്പോർട്ട്

ഈ മാസം 14ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ബിസിസിഐ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയമായ പരിപാടികളെന്ന് റിപ്പോർട്ട്. മത്സരം കാണാൻ അമിതാഭ് ബച്ചനും രജനികാന്തും സച്ചിൻ തെണ്ടുൽക്കറും പ്രത്യേക ക്ഷണിതാക്കളായി എത്തും. മത്സരത്തിനു മുൻപ് ഗായകൻ അർജിത് സിംഗ് അടക്കമുള്ളവരുടെ പ്രകടനങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ ഉദ്ഘാടന ചടങ്ങ് ഇല്ലാത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. (india pakistan world cup)
അതേസമയം, ലോകകപ്പിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ്. അഫ്ഗാനിസ്താനാണ് എതിരാളികൾ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. അഫ്ഗാനിസ്താനാവട്ടെ, ബംഗ്ലാദേശിനെതിരായ ആദ്യ കളി പരാജയപ്പെട്ടു.
Read Also: അസുഖം കുറയുന്നു; ശുഭ്മൻ ഗിൽ നാളെ ഇന്ത്യൻ ടീമിനൊപ്പം ചേരും
ഡെങ്കി ബാധിച്ച ഓപ്പണർ ശുഭ്മൻ ഗിൽ ഇന്നും ഇന്ത്യക്കായി കളിക്കില്ല. ഇഷാൻ കിഷൻ ഓപ്പണിംഗ് റോളിൽ തുടരും. സ്പിൻ പിച്ചായ ചെന്നൈയിൽ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യ ഇന്ന് ടീം കോമ്പിനേഷനിൽ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം. അശ്വിനെ പുറത്തിരുത്തി ഷമി കളിച്ചേക്കാനിടയുണ്ട്. ബാറ്റിംഗ് ഡെപ്ത് പരിഗണിച്ച് ശാർദുൽ താക്കൂറും കളിച്ചേക്കും.
സ്പിന്നർമാരിലാണ് അഫ്ഗാനിസ്താൻ്റെ പ്രതീക്ഷകൾ. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, മുഹമ്മദ് നബി എന്നീ മൂന്ന് ലോകോത്തര സ്പിന്നർമാർക്കൊപ്പം ഫസലുൽ ഹഖ് ഫറൂഖിയും നവീനുൽ ഹഖും ചേരുന്ന ബൗളിംഗ് അറ്റാക്ക് കരുത്തരാണ്. ഐപിഎൽ മത്സരത്തിനിടെ പരസ്പരം ഉരസിയ നവീനുൽ ഹഖും വിരാട് കോലിയും വീണ്ടും നേർക്കുനേർ വരുന്നു എന്നതും ശ്രദ്ധേയമാണ്.
Story Highlights: india pakistan match cricket world cup ceremony