മൂന്ന് തരം പല്ല് തേക്കൽ, എണ്ണ തേച്ച് കുളി…ഇടുന്ന ചെരുപ്പ് മുതൽ പണം സൂക്ഷിക്കുന്നതിന് വരെ ചിട്ട; വി.എസിന്റെ ജീവിതചര്യയെ കുറിച്ച് മുൻ പി.എസ്

കൗതുകങ്ങൾ നിറഞ്ഞതാണ് ജനനായകനായ വി.എസിന്റെ ജീവിതചര്യ. രാവിലെ എണ്ണതേച്ച് വെയിൽ കായുന്നതിൽ തുടങ്ങുന്നതാണ് ദിനാരംഭം. ചെരുപ്പുകളോടുള്ള അടങ്ങാത്ത ഇഷ്ടവും കുട്ടനാടൻ പുഴമീനിന്റെ രുചിയും വി.എസിന് എന്നും ബലഹീനതയാണ്. ( former ps reveals about VS achuthanandan’s daily habits )
പ്രായമേറിയപ്പോഴും വി.എസിലെ യുവത്വം പിടിച്ചു നിറുത്തിയത് മുടങ്ങാത്ത ദിനചര്യകളും ആരോഗ്യ സംരക്ഷണവുമാണെന്ന് അദ്ദേഹത്തിന്റെ മുൻ പി.എസ് എ.ജി. ശശിധരൻ ട്വന്റിഫോറിനോട് പറഞ്ഞു.
‘രാവിലെ എഴുനേറ്റാൽ കുറച്ച് നേരം അദ്ദേഹം യോഗ ചെയ്യും. പല്ല് തേക്കുന്നതിന് പോലും ചിട്ടയുണ്ട്. ആദ്യം ഉമിക്കരിയിട്ട് തേക്കും. ഇതിന് ശേഷം ബ്രഷും കൊണ്ടും കൈ കൊണ്ടും തേക്കും. ഇതിന് ശേഷമാണ് യോഗ. പിന്നാലെ എണ്ണ തേച്ച് വെയിലത്ത് നിൽക്കും. കുളി കഴിഞ്ഞ് ഒരു കൈലിയും ബനിയനുമിട്ട് ഓഫിസിലെത്തിയാൽ പത്രം വായിക്കും’- എ.ജി. ശശിധരൻ പറഞ്ഞു.
കണിശതയാർന്ന ജീവിതത്തിൽ അധികമാർക്കും അറിയാത്ത ചില ഇഷ്ടങ്ങളും വി.എസിന് ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ചെരിപ്പുകളോടുള്ള പ്രിയം. ‘ചെരുപ്പുകൾ അദ്ദേഹത്തിന് ബലഹീനതയാണ്. ഏതെങ്കിലും ചെരുപ്പ് കണ്ടാൽ അതുപോലെത്തെ ചെരുപ്പ് തന്നെ വേണമെന്ന് ശാഠ്യം പിടിക്കും. ചെരുപ്പ് ഇഷ്ടപ്പെട്ടാൽ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുക്കും. പ്ലാസ്റ്റിക് കവറിനകത്ത് നോട്ടുകൾ പൊതിഞ്ഞ് ചരടുകൊണ്ട് കെട്ടിയതാണ് പൊതി. അതിൽ നിന്ന് പണമെണ്ണി നോക്കി നൽകി തിരിച്ച് അതേ പോലെ എടുത്ത് വയ്ക്കും’- ശശിധരൻ ഓർത്തെടുത്തു.
ചില മത്സ്യങ്ങളോടു വി.എസിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ബ്രാലിനോടും ഏറെ പ്രിയമുള്ള വ്യക്തിയായിരുന്ു വി.എസ്. ‘കുട്ടനാട്ടിൽ വി.എസിനെ കാണാൻ വരുന്ന പലരും ബ്രാലിനെ പിടിച്ച് ഒരു ടാങ്കിലിട്ട് ജീവനോടെ കൊണ്ടു കൊടുക്കുമായിരുന്നു’ എ.ജി. ശശിധരൻ പറഞ്ഞു.
വ്യക്തികൾക്ക് അപ്പുറം ആശയങ്ങളും പ്രസ്ഥാനവുമായിരുന്നു വി.എസിന് പ്രിയപ്പെട്ടത്. ജനങ്ങളായിരുന്നു ഊർജ്ജം. വിപ്ളവ നായകന് സ്നേഹാഭിവാദ്യങ്ങൾ.
Story Highlights: former ps reveals about VS achuthanandan’s daily habits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here