Advertisement

പാർട്ടിക്ക് അകത്തും വിപ്ലവകാരി; വെട്ടിനിരത്തലും ഇറങ്ങിപ്പോക്കുമൊക്കെയായ വിഎസിന്റെ പാർട്ടി സമ്മേളനങ്ങൾ

October 20, 2023
Google News 1 minute Read
V S Achuthanadan-CPIM

വിഎസ് നാട്ടിലെ പോരാളിമാത്രമല്ല. പാർട്ടിക്കകത്തും വല്ലാത്ത പോരാളിയാണ്. അത് ആദ്യം തെളിയിച്ചത് പാലക്കാടാണ്. സിഐടിയു ആധിപത്യത്തിൽ ആയിരുന്ന പാർട്ടിയെ 1998 ലെ ചരിത്ര പ്രസിദ്ധമായ പാലക്കാട് സമ്മേളനത്തിലെ വെട്ടിനിരത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു വിഎസ്. അന്ന് വെട്ടിവീഴ്ത്തിയ എംഎം ലോറൻസും കെ എൻ രവിന്ദ്രനാഥും ഉൾപ്പെടെയുള്ള പ്രമുഖർ പിന്നീട് പാർട്ടിയിൽ തലപൊക്കാൻ ഏറെ പാടുപെടേണ്ടി വന്നു.

അന്നത്തെ പടയിൽ വി എസിനൊപ്പം നിന്ന മുന്നണി പോരാളി ആയിരുന്നു പിണറായി വിജയൻ. എന്നാൽ തൊട്ടടുത്ത 2002ലെ കണ്ണൂർ സമ്മേളനത്തിലേക്ക് എത്തുമ്പോഴേക്കും ഒപ്പം നിന്ന പിണറായിയോട് അകലം പാലിച്ച് മറുചേരി ഉണ്ടാക്കാനുള്ള നീക്കം വി എസ് തുടങ്ങിരുന്നു . നായനാർ മുഖ്യമന്ത്രി ആയതും വി എസ് മത്സരത്തിൽ തോറ്റതും എല്ലാം കാലിടറിയ കഥകൾ. കാലം കടന്നു നീങ്ങി. പാർട്ടി സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസും തമ്മിലുള്ള പോര് ഏറെ മുറുകി.

2005 ലെ മലപ്പുറം സമ്മേളനം ആകുമ്പോഴേക്കും പാർട്ടിക്കകത്ത് വിഭാഗിയത അടിമുടി ഉറഞ്ഞുതുള്ളി. അന്ന് വി എസ് ആണ് ശരിയെന്ന പറഞ്ഞ സഖാക്കളാണ് അനവധി ആണ്. അതിലേറെ മറ്റു പാർട്ടിക്കാരും മാധ്യമങ്ങളും വി എസിനെ നന്നായി പിന്തുണച്ചു. മലപ്പുറം വഴി വിജയൻ പിണറായിലേക്ക് എന്നുവരെ എന്ന് വിഎസിന് വേണ്ടി ചിലർ എഴുതി. പാർട്ടി പിടിക്കുമെന്ന് ഉറപ്പിച്ച വിഎസ് മലപ്പുറം സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ 12 സ്ഥാനാർത്ഥികളെ നിർത്തി. മത്സരം ഒഴിവാക്കാൻ പി ബി വരെ ഇടപെട്ടിട്ടും അവർ പിന്മാറിയില്ല. എന്നാൽ വിഎസ് നിർത്തിയ 12 സ്ഥാനാർത്ഥികളും തോറ്റു.പാർട്ടിക്കകത്തെ വിഎസിന്റെ നിലപാടിന്റെ ആദ്യ തോൽവി.

വലിയ വിപ്ലവ കാരിക്ക് വല്ലാത്ത കാലിടറൽ ആയിരുന്നു ആ സമ്മേളനത്തിൽ ഏറ്റ തിരിച്ചടി. അതിലും പതറാതെ വി എസ് പാർട്ടിയിൽ സ്വന്തമായി ഒരു ധ്രുവമായി നിലനിന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും എല്ലാം ആയപ്പോഴും അത് അങ്ങനെ തന്നെയായിരുന്നു. മലപ്പുറം സമ്മേളനത്തിന് ശേഷവും വിഎസിന്റെ പോർ വീര്യം കുറഞ്ഞില്ല. 2015ലെ ആലപ്പുഴ സമ്മേളനത്തിലെ വിഖ്യാതമായ വിഎസിന്റെ ഇറങ്ങി പോക്ക് അതിന്റെ തുടർച്ചയാണ്.

സമ്മേളന തലേന്നിലെ പാർട്ടി സെക്രട്ടറി എന്ന പിണറായിയുടെ അവസാന വാർത്താ സമ്മേളനത്തിലെ കുറിക്ക് കൊള്ളുന്ന വിമർശനവും വി എസിന്റെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയുടേയും തുടർച്ചയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ സമ്മേളന ചരിത്രത്തിലെ കറുത്ത ഏടായി മാറി. കോടിയേരിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന നീക്കങ്ങളും ചന്ദ്രൻപിള്ളയും എസ് ശർമ്മയും നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിട്ടും വിഎസ് വഴങ്ങിയില്ല. നിലപാടിൽ ഉറച്ചു സമ്മേളനം ബഹിഷ്കരിച്ച വിഎസ് പുലർകാലത്തു തിരുവനന്തപുരത്തേക്ക് പറന്നു. അങ്ങനെ ആ സമ്മേളനത്തിൽ വിഎസ് സാന്നിധ്യം കൊണ്ട് നിറഞ്ഞു നിന്നും.

പാർട്ടിയെ പ്രതിസന്ധിയിലാക്കി. പാർട്ടിക്കകത്തെ വിഎസിന്റെ കലഹങ്ങൾ എണ്ണിപ്പറയാവുന്നതിലും അപ്പുറമാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തുറന്ന് എതിർക്കുക പതിവായിരുന്നു . മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ സംശയ മുനയിൽ നിർത്തിയും പിണറായി വിരുദ്ധർക്ക് ആവേശം പകരാൻ നീട്ടിയും കുറുക്കിയും വിഎസ് പറഞ്ഞത് രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. തീരുമാനം എടുത്താൻ മാറ്റം ഇല്ലെന്നതാണ് വിഎസ്. നൂറിന്റെ നിറവിൽ എത്തിയ മാറ്റമില്ലാത്ത വിഎസിന് അഭിവാദ്യങ്ങൾ.

Story Highlights: VS Achuthanandan Protests in CPIM Meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here