അടിയോടടി; ഗ്ലെൻ മാക്‌സ്‌വെല്ലിന് ലോകകപ്പിലെ അതിവേഗ സെഞ്ച്വറി
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അതിവേഗ സെഞ്ച്വറി കുറിച്ച് ഗ്ലെൻ മാക്സ്‌വെൽ. നെതർലൻഡ്സിനെതിരെയാണ് മാക്‌സ്‌വെൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 40 പന്തിലായിരുന്നു അദ്ദേഹം സെഞ്ച്വറിയിലെത്തിയത്. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 399 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. ഈ ലോകകപ്പിൽ തന്നെ ഐഡൻ മക്രം നേടിയ 49 പന്തിലെ സെഞ്ച്വറിയുടെ റെക്കോർഡാണ് മാക്സ്‌വെൽ മറികടന്നത്. 44 പന്തിൽ എട്ട് സിക്സും ഒമ്പത് ഫോറും നേടിയാണ് മാക്‌സ്‌വെൽ 106 റൺസെടുത്തത്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് മാക്സ്‌വെല്ലിന്റെ ഇന്നത്തെ ബാറ്റിംഗ് പ്രകടനം. സൗത്ത് ആഫ്രിക്കയുടെ ഡിവില്ലിയേഴ്സ് നേടിയ 31 പന്തിലെ സെഞ്ച്വറിയാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറി.
ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും (106) ഡേവിഡ് വാർണറുടെയും (104) സെഞ്ച്വറിക്കരുത്തിലായിരുന്നു ഓസ്ട്രേലിയയുടെ വെടിക്കെട്ട്. മാക്‌സ്‌വെല്ലാണ് അവസാന ഓവറുകളിൽ ആഞ്ഞടിച്ചത്. അതാണ് ആസ്ട്രേലിക്ക് മികച്ച സ്കോർ സമ്മാനിച്ചതും.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലേ മിച്ചൽ മാർഷിനെ (9) നഷ്ടമായെങ്കിലും പിന്നീട് വാർണറും (104) സ്റ്റീവ് സ്മിത്തും (71) ചേർന്നുള്ള കൂട്ടുകെട്ട് മികച്ച അടിത്തറ നൽകി. 62 റൺസെടുത്ത മാർനസ് ലബുഷെയ്നും തിളങ്ങി. അവസാന ഓവറുകളിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ കൂറ്റനടി സ്കോറിങ് വേഗത്തിലാക്കി. നെതർലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്ക് നാലും ബാസ് ഡി ലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി.
Story Highlights: Glenn Maxwell hits fastest ODI World Cup century in 40 balls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here