Advertisement

ചന്ദ്രയാൻ മൂന്ന്; സോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തമുണ്ടായെന്ന് ഐ.എസ്.ആർ.ഒ

October 27, 2023
Google News 1 minute Read
Chandrayaan-3 new Update isro

ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ. സോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തമുണ്ടായെന്നും ശിവശക്തി പോയിന്റിൽ 108.4 സ്ക്വയർ മീറ്റർ ചുറ്റളവിൽ പൊടി അകന്നുമാറിയെന്നും വിശദീകരിക്കുകയാണ് ഐ എസ് ആർ ഒ. 2.06 ടൺ പൊടി ഇങ്ങനെ അകന്നുമാറിയെന്നു റിസേർച്ച് പേപ്പറിൽ വെളിപ്പെടുത്തുന്നു. സോഫ്റ്റ് ലാൻഡിങിനു മുൻപും ശേഷവും ഓർബിറ്റർ ഹൈ റസലൂഷൻ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.

ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. അത് ഓ​ഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെ ചന്ദ്രന്റെ രഹസ്യങ്ങൾ അറിയാനുള്ള ആകാംഷയിലായിരുന്നു ശാസ്ത്ര സമൂ​ഹവും ലോകവും. കൃത്യം 10 ഭൗമദിനങ്ങൾ പ്രവർത്തിച്ച് ലാൻഡറും റോവറും ഭൂമിയിലേക്ക് സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. സെപ്റ്റംബർ 4ന് ലാൻഡറും റോവറും സ്ലീപ് മോഡിലേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ ചന്ദ്രനിലെ അടുത്ത സൂര്യോദയത്തിൽ ലാൻഡറിനെയും റോവറിനെയും ഉണർത്താൻ ശ്രമിച്ചിരുന്നെങ്കിലും സി​ഗ്നലുകൾ ലഭിച്ചില്ല.

ചന്ദ്രയാൻ മൂന്നിന് ഒരു തിരിച്ചുവരവുണ്ടാകുമോ? ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം വിജയകരമായി കൈമാറിയിട്ടുണ്ട്. വീണ്ടും ലൻഡറും റോവറും സ്ലീപ് മോ‍ഡിൽ‌ നിന്ന് ഉണർന്നാൽ ചന്ദ്രനിൽ ദൗത്യം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം. എന്നാൽ ചന്ദ്രനിലെ ദൗത്യങ്ങൾ തുടരാൻ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണരുമോ എന്ന ആകാംഷ ഇനിയും തുടരുകയാണ്.

ഇക്കാര്യത്തെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പ്രതികരിച്ചത് ഇപ്രകാരമാണ്. ഇപ്പോൾ ലാൻഡറും റോവറും സമാധാനമായി ഉറങ്ങുകയാണ്. അത് സുഖമായി ഉറങ്ങട്ടേ. അതിന് തനിയേ എഴുന്നേൽക്കാൻ ആ​ഗ്രഹിക്കുമ്പോൾ അത് ഉണരും എന്നായിരുന്നു. എന്നാൽ ഉറക്കത്തിൽ തുടരുന്ന റോവറിനും ലാൻഡറിനും ഭാവിയിൽ എന്തു സംഭവിക്കുമെന്ന ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്. ഉയർന്ന റേഡിയേഷനും തണുപ്പും കാരണം ബാറ്ററി റീചാർജിങ് പ്രയാസകരമാണെന്നാണ് ഐഎസ്ആർഒ പറയുന്നത്.

ചന്ദ്രനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മൈക്രോമെറ്ററോയ്ഡ് പ്രതിഭാസവും ചന്ദ്രയാൻ 3ന് ഭീഷണിയാണെന്നാണ് റിപ്പോർട്ടുകൾ. ചാന്ദ്ര ​ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിക്കുന്ന ചെറിയ ഉൽക്കശിലകളാണിവ. അമേരിക്കയുടെ അപ്പോളോ ഉൾപ്പെടെയുള്ള മുൻ ചാന്ദ്രദൗത്യങ്ങൾ മൈക്രോമെറ്ററോയ്ഡ് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. എന്നാൽ ചന്ദ്രയാൻ ദൗത്യം തിരികെ എപ്പോൾ പ്രർത്തിച്ചുതുടങ്ങുമെന്നതിൽ കൃത്യമായി പറയാൻ കഴിയില്ല. ദൗത്യത്തിൽ പ്രതീക്ഷ നിലനിൽക്കുന്നുണ്ടെന്നും പുനുരുജ്ജീവനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

Story Highlights: Chandrayaan-3 new Update isro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here