ലീഗ് വേദിയിലെ ശശി തരൂരിന്റെ വിവാദ പരാമർശം; എതിർപ്പുമായി കൂടുതൽ പേർ രംഗത്ത്

ലീഗ് വേദിയിലെ ശശി തരൂരിന്റെ വിവാദ പരാമർശത്തിൽ എതിർപ്പുമായി കൂടുതൽ പേർ രംഗത്ത്. എംകെ മുനീർ അതേ വേദിയിൽ തന്നെ തരൂരിനെ തിരുത്തിയപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂർ തുടങ്ങിയവരും തരൂരിനെതിരെ രംഗത്തുവന്നു. (shashi tharoor palestine controversy)
കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇസ്രയേലിനെതിരെ നടന്നത് ഭീകരക്രമണമെന്ന ശശി തരൂരിന്റെ പരാമർശം അത്ഭുതപ്പെടുത്തിയെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ നിന്ന് ശശി തരൂർ വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകി എന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: ‘യുഎന്നില്‍ നിന്ന് വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല’; ശശി തരൂരിനെതിരെ എസ്‌കെഎസ്എസ്എഫ്
പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ഭീകരവാദികളുടെ ആക്രമണമാണെന്നായിരുന്നു തരൂർ പറഞ്ഞത്. മുസ്ലീങ്ങൾക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീഗിന്റെ ഈ റാലി. ഇത് മനുഷ്യരുടെ പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോൾ സന്തോഷമുണ്ട്. പലസ്തീനികൾക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിർത്തണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിൻ്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ചില അറബ് രാജ്യങ്ങൾ ഇസ്രയേലിനെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. കേരളം എല്ലാവരേയും സ്വീകരിക്കുന്ന നാടാണ്. യുദ്ധങ്ങൾക്ക് ചില നിയമങ്ങളുണ്ട്. ആ നിയമങ്ങളെ എല്ലാം ലംഘിക്കുകയാണ് ഇവിടെ. ഇന്ത്യയുടെ പിന്തുണ എന്നും പലസ്തീന് നൽകിരുന്നു. നഷ്ടം സഹിച്ചതും ത്യാഗം ചെയ്തതും സാധാരണക്കാരാണ്. സങ്കടപ്പെടുന്നവരുടെ കൂടെയാണ് ലീഗ് നിൽക്കുന്നത് എന്നും തരൂർ പറഞ്ഞു.
Story Highlights: shashi tharoor palestine muslim league controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here