കാസർഗോഡ് പൈവളിഗെ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; സിപിഐ – ബിജെപി സഖ്യത്തിന് ഭരണം, തോൽപ്പിച്ചത് സിപിഐഎം – യു.ഡി.എഫ് സഖ്യത്തെ

കാസർഗോഡ് പൈവളിഗെ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ – ബിജെപി സഖ്യത്തിന് ഭരണം. സിപിഐഎം – യു.ഡി.എഫ് സഖ്യത്തെയാണ് സിപിഐ – ബിജെപി സഖ്യം തോൽപ്പിച്ചത്. പാനൽ രൂപീകരണത്തിലെ തർക്കത്തെ തുടർന്നാണ് സിപിഐ, ബിജെപി പാനലിനൊപ്പം മത്സരിച്ചത്.
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതിനെ തുടർന്ന് പൈവളിഗെയിൽ സി പി ഐക്കെതിരെ പരസ്യ പ്രകടനവുമായി സിപിഐഎം പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സിപിഐഎം, സിപിഐ, യു.ഡി.എഫ് സംയുക്ത സഖ്യമായിരുന്നു കഴിഞ്ഞ ബാങ്ക് ഭരണ സമിതി. രണ്ടര വർഷം വീതം സിപിഐ, മുസ്ലീം ലീഗ് പ്രതിനിധികൾ പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടു. ബിജെപിയെ പരാജയപ്പെടുത്താൻ വർഷങ്ങളായി ഈ സഖ്യമാണ് പൈവളിഗെയിൽ തുടരുന്നത്. എന്നാൽ ഈ തവണ കാര്യങ്ങൾ മാറി മറഞ്ഞു. സീറ്റ് വിഭജനത്തിൽ സിപിഐഎമ്മും സിപിഐയും തമ്മിൽ ഭിന്നത രൂക്ഷമായതോടെ സിപിഐ ചുവട് മാറി ബിജെപിക്കൊപ്പം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
11 അംഗ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഐ ആറ് സീറ്റിലും, ബിജെപി അഞ്ച് സീറ്റിലുമാണ് മത്സരിച്ചത്. എതിർ പാനലിൽ സിപിഐഎം അഞ്ച്, മുസ്ലീം ലീഗ് നാല്, കോൺഗ്രസ് രണ്ട് എന്നിങ്ങനെ സീറ്റുകളിലാണ് മത്സരിച്ചത്. അതേസമയം ബിജെപിയുമായുള്ള പരസ്യ സഖ്യം വിവാദമായിട്ടും പ്രതികരിക്കാൻ സിപിഐ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
Story Highlights: cpi bjp victory in paivalike service co operative bank kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here