Advertisement

‘അനുവദിച്ച സമയത്തിനു മുൻപ് പന്ത് നേരിടാൻ തയ്യാറായിരുന്നു’; വിഡിയോ തെളിവു പങ്കുവച്ച് മാത്യൂസ്

November 7, 2023
Google News 4 minutes Read
angelo mathews controversy explanation

അനുവദിച്ച സമയത്തിനു മുൻപ് പന്ത് നേരിടാൻ താൻ തയ്യാറായിരുന്നു എന്ന് ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടൈംഡ് ഔട്ടായതിൻ്റെ പശ്ചാത്തലത്തിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മാത്യൂസിൻ്റെ പ്രതികരണം. വിക്കറ്റ് വീണതിനു ശേഷം താൻ ക്രീസിലെത്തി പന്ത് നേരിടാൻ തയ്യാറായത് അനുവദിച്ച സമയത്തിനു മുൻപായിരുന്നു എന്ന് വിഡിയോ തെളിവടക്കം പങ്കുവച്ച് മാത്യൂസ് കുറിച്ചു. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് പൊട്ടുന്നതിനു മുൻപ് തന്നെ മാത്യൂസ് വൈകിയിരുന്നു എന്ന ഫോർത്ത് അമ്പയറിൻ്റെ വാദം പൊളിക്കുന്നതാണ് വിഡിയോ തെളിവ്. (angelo mathews controversy explanation)

മാത്യൂസ് പങ്കുവച്ച വിഡിയോ തെളിവ് പ്രകാരം സമരവിക്രമയുടെ ക്യാച്ച് 3 മണി 48 മിനിട്ട് 50 സെക്കൻഡിലാണ് സംഭവിക്കുന്നത്. മാത്യൂസ് പന്ത് നേരിടാൻ തയ്യാറാവുന്നത് 3 മണി 50 മിനിട്ട് 45 സെക്കൻഡിലും. തനിക്ക് അഞ്ച് സെക്കൻഡ് കൂടി സമയമുണ്ടായിരുന്നു എന്ന് താരം വിദിയോ പങ്കുവച്ച് വാദിക്കുന്നു. ഫോർത്ത് അമ്പയറിന് ഇതിൽ വിശദീകരണം നൽകാൻ കഴിയുമോ എന്നും മാത്യൂസ് ചോദിക്കുന്നു.

Read Also: ആർക്കും വിക്കറ്റില്ല, ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായത് എന്തുകൊണ്ട്? എന്താണ് ക്രിക്കറ്റിലെ ടൈംഡ് ഔട്ട് നിയമം?

രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററാണ് ആഞ്ചലോ മാത്യൂസ്. ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ളയ്ക്ക് പിടികൊടുത്ത് സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. ഒരു ബാറ്റർ പുറത്തായി രണ്ട് മിനിട്ടിനുള്ളിൽ അടുത്ത ബാറ്റർ തയ്യാറാവണമെന്നതാണ് നിയമം. ബാറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടെ ഹെൽമറ്റിനു തകരാറുണ്ടെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെൽമറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ, പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും 2 മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ടീമും ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ടൈം ഔട്ട് അപ്പീൽ ചെയ്തു. മാത്യൂസ് തൻ്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് തയ്യാറായില്ല. ഇതോടെ, നിയമം പരിഗണിച്ച് അമ്പയർമാർ ഔട്ട് വിധിക്കുകയായിരുന്നു.

മത്സരത്തിൽ ശ്രീലങ്ക മുന്നോട്ടുവച്ച 280 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടക്കുകയും ചെയ്തു. മത്സരത്തിൽ ഷാക്കിബ് 2 വിക്കറ്റും 65 പന്തിൽ 82 റൺസും നേടിയപ്പോൾ മാത്യൂസ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

Story Highlights: angelo mathews timed out controversy explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here