Advertisement

ആദിവാസികളെ അല്ല, ആദിവാസി കലകളെയാണ് പ്രദർശിപ്പിക്കുന്നത്; ഒ.എസ്. ഉണ്ണികൃഷ്ണൻ

November 7, 2023
Google News 1 minute Read
O S Unnikrishnan reacts Keraleeyam Controversy

വിമർശകരെ കേരളീയം പരിപാടിയുടെ ആദിമം പ്രദർശനത്തിലേക്ക് ക്ഷണിച്ച് ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ. ആദിമത്തിൽ എത്തി ബോധ്യപ്പെട്ട തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാകും.
ഫോക് ലോർ അക്കാഡമി ആദിവാസികളെ അല്ല, ആദിവാസി കലകളെയാണ് പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ കലാരൂപങ്ങളെ ഇങ്ങനെയല്ലാതെ മറ്റേത് വേഷങ്ങളിൽ അവതരിപ്പിച്ചാണ് കണ്ടിട്ടുള്ളത്. കലാപരിപാടികൾ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് അവരുടെ വംശീയ വേഷം ധരിക്കുന്നത്. ആദിമത്തിൽ അവർ കാഴ്ചവസ്തുക്കൾ അല്ല. പ്രദർശന വസ്തുവാക്കിയെന്നത് വ്യാജ പ്രചാരണമാണ്. കാര്യമറിയാതെ വിമർശിച്ച് കേരളീയത്തിന്റെ ശോഭ കെടുത്തരുതെന്നും ആദിവാസി സമൂഹത്തിന്റെ സ്വത്വത്തെ അവഹേളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളീയം പരിപാടി അവസാനിക്കുമ്പോൾ അവിടെ നടന്നത് കേരളത്തിന് അപമാനകരമാകുന്ന കാര്യങ്ങളാണെന്ന് മനസിലാവുമെന്നും ആദിവാസി, ഗോത്ര വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന സംഭവമാണ് കേരളീയത്തിലുണ്ടായതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൻ്റെ യശസ് ലോകത്തിന് മുന്നിൽ അപമാനിക്കപ്പെട്ടു. വികൃതമായ രീതിയിൽ അവരെ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിൽ അപമാനിച്ചു. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘാടകർ ആദിവാസി സമൂഹത്തോട് മാപ്പ് പറയണം. പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതുവരെ പ്രമുഖരായ വ്യക്തികളെയൊന്നും കേരളീയത്തിൽ കണ്ടില്ല.
നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ വരുന്ന രീതിയിലുള്ള ഇടപെടലുകളും കേരളീയത്തിൽ ഉണ്ടായിട്ടില്ല.

മാനവീയം വീഥിയിൽ ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണ് നേരിടേണ്ടി വന്നത്. മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും അവിടെ ഏറ്റുമുട്ടി. കേരളീയത്തിലൂടെ അവർക്ക് ലൈസൻസ് കിട്ടിയ അവസ്ഥയാണ്.
അവിടെ വിഹരിക്കാനുള്ള അവസരം അവർക്ക് നൽകുന്ന സാഹചര്യമുണ്ടായി.

കേരളീയം ധൂർത്താണ്. പൈസ പിരിക്കാൻ ആർക്കാണ് അധികാരം കൊടുത്തത്. ആറ്റുകാൽ പൊങ്കാലയിൽ ലക്ഷക്കണക്കിന് രൂപ എഴുതിയെടുത്ത തിരുവനന്തപുരം മേയർക്കാണ് ചുമതല നൽകിയത്. സർക്കാർ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്തുക എന്നതാണ് കേരളീയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

കേരളീയത്തിന്റെ ഭാ​ഗമായുള്ള പ്രദർശന പരിപാടിയിൽ ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് സംബന്ധിച്ചുള്ള വിമർശനം ശ്രദ്ധയിൽപ്പെട്ടെന്നും ഇതിൽ പരിശോധന നടത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പട്ടികവർഗ്ഗ വികസന വകുപ്പ് ഇത്തരത്തിലുള്ള ഒരു പ്രദർശനവും നടത്തുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് ഉചിതമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാന നഗരിയിൽ കേരളത്തിന്റെ അഭിമാനമായി ഇടത് ഗവൺമെന്റ് സംഘടിപ്പിക്കുന്ന കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇന്നലെ പ്രതികരിച്ചത്. കേരളീയത്തിൻ്റെ ഭാഗമായി കേരള ഫോക്ക്ലോർ അക്കാഡമി ആദിമം എന്ന പേരിൽ കനകക്കുന്നിലാണ് ലിവിങ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

Story Highlights: O S Unnikrishnan reacts Keraleeyam Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here