150 മിസ്ഡ് കോൾ കണ്ടിട്ടും എടുത്തില്ല; 230 KM സഞ്ചരിച്ചെത്തി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് പൊലീസുകാരൻ
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രസവം കഴിഞ്ഞ് 11 ദിവസം മാത്രമായ യുവതിയെയാണ് കോൺസ്റ്റബിളായ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം.
കര്‍ണാടകയിലെ ചാമരാജനഗറിലെ പൊലീസ് കോണ്‍സ്റ്റബിളായ ഡി കിഷോര്‍ (32) ആണ് ഭാര്യ പ്രതിഭയെ (24) കൊലപ്പെടുത്തിയത്. ഭാര്യയെ കൊല്ലുന്നതിന് മുന്‍പ് വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം.
പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. കിഷോർ-പ്രതിഭ ദമ്പതികൾക്ക് 11 ദിവസം മുന്‍പാണ് ആണ്‍കുഞ്ഞ് പിറന്നത്. ഹൊസ്‌കോട്ടിലെ സ്വന്തം വീട്ടില്‍ പ്രസവശേഷം വിശ്രമത്തിലായിരുന്നു യുവതി. ജോലി സ്ഥലത്തായിരുന്ന കിഷോർ കൊലപാതകം നടത്താനായി 230 കിലോമീറ്റർ സഞ്ചരിച്ച് പ്രതിഭയുടെ വീട്ടിൽ എത്തുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
ഭാര്യയുടെ ഫോണ്‍കോളുകളും മെസേജുകളും ഇയാള്‍ പതിവായി പരിശോധിച്ചിരുന്നു. ഇതേച്ചൊല്ലി വഴക്കിടുന്നതും പതിവാണെന്നും പൊലീസ്. പ്രതിഭയ്ക്ക് കോളജിലെ സഹപാഠികളായ യുവാക്കളുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണമാണ് ഇയാൾ ഉയർത്തിയിരുന്നത്. ഞായറാഴ്ച കിഷോർ പ്രതിഭയെ ഫോണിൽ വിളിച്ച് വഴക്കിട്ടു. പ്രതിഭയുടെ കരച്ചില്‍ കണ്ട് അമ്മ കാര്യം തിരക്കി. തുടര്‍ന്ന് അമ്മ ഫോണ്‍ വാങ്ങി കിഷോറിന്റെ കോള്‍ കട്ടാക്കി. ഇനി വിളിച്ചാല്‍ ഫോണെടുക്കരുതെന്നും നിര്‍ദേശിച്ചു.
പിറ്റേദിവസം പ്രതിഭ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിൻ്റേതായി 150 മിസ്ഡ് കോളുകളാണ് കണ്ടത്. കുറച്ചു കഴിഞ്ഞപ്പോൾ ഭർത്താവ് പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടിലെത്തുകയും ചെയ്തു. കിഷോര്‍ ഭാര്യയുടെ മുറിയില്‍ കയറി വാതിലടച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന കീടനാശിനി കുടിച്ചു. തുടര്‍ന്ന് ഭാര്യയെ തുണി കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിഭയുടെ അമ്മ ടെറസിലുമായിരുന്നു ഉണ്ടായിരുന്നത്. മകളുടെ നിലവിളി കേട്ടെത്തിയ അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല.
നിരന്തരം വാതിലില്‍ മുട്ടി ബഹളംവെച്ചതോടെ 15 മിനിറ്റിന് ശേഷം ഇയാൾ വാതിൽ തുറക്കുകയായിരുന്നു. ‘ഞാന്‍ അവളെ കൊന്നു’ എന്ന് ഭാര്യാമാതാവിനോട് പറഞ്ഞ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. വിഷം കഴിച്ചതു മൂലം അവശനായ പ്രതി പിന്നീട് കോലാറിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഒന്നാം വിവാഹ വാർഷികത്തിന് വെറും അഞ്ചു ദിവസം മാത്രം ശേഷിക്കവേയാണ് അരും കൊല നടന്നിരിക്കുന്നത്.
Story Highlights: Karnataka cop suspects wife of having affair, travels 230 km and kills her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here