Advertisement

സ്റ്റേജ് ക്യാരിയേജ് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി

November 16, 2023
Google News 3 minutes Read
action against contract carriage vehicles that serve as stage carriage

സ്റ്റേജ് ക്യാരിയേജ് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രിയുടെ നിർദ്ദേശം. ടൂറിസം പെർമിറ്റ് നേടിയ ശേഷം വ്യാപകമായി നിയമലംഘനം കണ്ടെത്തിയതിനാലാണ് നടപടി. കോൺട്രാക്ട് ക്വാരിയേജ് പെർമിറ്റ് വാഹനങ്ങൾക്ക് വിവിധ സ്റ്റോപ്പുകളിൽ നിർത്താനോ ആളുകളെ കയറ്റി സർവ്വീസ് നടത്താനോ അനുവാദമില്ല. ഇത്തരം വാഹനങ്ങൾ നിശ്ചിത ഇടത്തു നിന്ന് ആരംഭിച്ച് നിശ്ചിത സ്റ്റോപ്പിൽ ആളുകളെ ഇറക്കണമെന്നാണ് നിയമം. ഇത്തരത്തിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളടക്കം പിടിച്ചെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ( action against contract carriage vehicles that serve as stage carriage )

വിവിധ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയും സർവീസ് നടത്തുവാൻ കോൺട്രാക്ട് വാഹനങ്ങൾക്ക് അനുവാദമില്ല. റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കി സർവീസ് നടത്തുവാൻ സ്റ്റേജ് കാരിയേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ. ഒരു സ്ഥലത്തുനിന്ന് യാത്ര ആരംഭിച്ച് നിശ്ചിത സ്ഥലത്ത് യാത്ര അവസാനിപ്പിക്കുന്നതിനാണ് കോൺട്രാക്ട് കാരിയോജ്യുകൾക്ക് പെർമിറ്റ് നൽകുന്നത്. ടൂറിസം വികസനം ലക്ഷ്യമാക്കി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കയറ്റിയും ഇറക്കിയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ചില കോൺട്രാക്ട് കാരിയേജുകൾ സ്റ്റേജ് ക്യാരിയേജുകളായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുവാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകിയത്.

സവാരിക്കിടയിൽ വാഹനം പിടിച്ചെടുത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ യാത്ര തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും പരിശോധന നടത്തി നിയമപ്രകാരം സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുവാനാണ് നിർദ്ദേശം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുൾപ്പെടെയുള്ള ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുന്നവർക്കെതിരെ ഐ.പി.സി. പ്രകാരം കേസെടുക്കുവാൻ പോലീസിൽ പരാതി നൽകുവാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വ്യക്തമായ നിലപാടും ശക്തമായ നടപടിയും ഇക്കാര്യത്തിൽ എടുക്കണമെന്നും നിയമാനുസൃത നടപടികൾ കർശനമായി സ്വീകരിച്ച് സർക്കാർ നയം നടപ്പിലാക്കുവാൻ എല്ലാ ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Story Highlights: action against contract carriage vehicles that serve as stage carriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here