Advertisement

‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര യാത്ര സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടി’; വി.ഡി സതീശൻ

November 18, 2023
Google News 2 minutes Read
'Luxurious travel of Chief Minister trampled on common man's chest'; VD Satheesan

നവകേരള സദസ്സിനെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ്. ജനകീയ പ്രശ്നങ്ങൾ എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ട് വേണം നവകേരള സദസ്സ് നടത്താൻ എന്ന് വി.ഡി സതീശൻ പറഞ്ഞു. സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര യാത്ര. ജനസമ്പർക്ക യാത്രയെ ആക്ഷേപിച്ചവർ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ്.

സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവല്‍ പ്രശ്നങ്ങളും പരിഹരിക്കാത്ത സര്‍ക്കാര്‍ നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്നങ്ങളാണ് പരിഗണിക്കുക? 52 ലക്ഷം പേര്‍ക്ക് നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. നിരാലംബരായ അവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ എന്ന് പരിഹരിക്കും?-വി.ഡി സതീശൻ ചോദിച്ചു.

“കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പിആര്‍എസ് വായ്പ നെല്‍ കര്‍ഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കര്‍ഷകര്‍ അവഗണന നേരിടുകയാണ്. റബ്ബര്‍ കര്‍ഷന്റെ 250 രൂപ താങ്ങുവില എവിടെ? കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്ന് പരിഹരിക്കും? ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി 9 ലക്ഷം പേര്‍ കാത്തിരിക്കുന്നു. ഇവര്‍ക്ക് ആര് ആശ്വാസം നല്‍കും?”

“വിലക്കയറ്റത്തില്‍ ആശ്വാസമാകേണ്ട സപ്ലൈകോ വെന്റിലേറ്ററിലാണ്. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ എന്ന് എത്തിക്കും? പാവപ്പെട്ട നിരവധി രോഗികളാണ് കാര്യണ്യ പദ്ധതിയുടെ കാരുണ്യം കാത്ത് നില്‍ക്കുന്നത്. ഇവരെ ആര് സഹായിക്കും? മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഢംബര ബസില്‍ സഞ്ചരിക്കുമ്പോള്‍ പാവപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന്റെ പെന്‍ഷനും ശമ്പളവും ആര് നല്‍കും?”- അദ്ദേഹം തുടർന്നു.

ആഢംബര ബസിലെ കറങ്ങുന്ന കസേരയില്‍ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാര്‍ തൊഴുത് വണങ്ങി നില്‍ക്കണമെന്നാണോ ഉദ്ദേശിക്കുന്നത്? ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫീസറുടെ പണിയെന്ന് ആക്ഷേപിച്ച പിണറായി വിജയനും സിപിഐഎമ്മും ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യസ്‌നേഹിയോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: ‘Luxurious travel of Chief Minister trampled on common man’s chest’; VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here