റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി

റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.
റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളിൽ നാട്ടുകാർ പ്രതിഷേധിച്ചതിനിടെ വിഷയത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി ആൻറണി രാജു രംഗത്തുവന്നിരുന്നു. നിയമം എല്ലാവരും പാലിക്കണമെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.
പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ഗിരീഷ് വ്യക്തമാക്കി. നേരത്തെ ബസ് തടഞ്ഞ് പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയിരുന്നു.
അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. നിയമ ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബർ 16-ാം തീയതിയാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയിൽ വെച്ച് മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്.
Story Highlights: robin bus ksrtc coimbatore bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here