Advertisement

60 വര്‍ഷങ്ങള്‍ നീണ്ട ദുരൂഹത, ശീതയുദ്ധകാലത്ത് അമേരിക്കന്‍ പ്രസിഡന്റിന്റെ തലതുളച്ചുകയറിയ വെടിയുണ്ട; ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍…

November 22, 2023
Google News 3 minutes Read
Remembering John F. Kennedy 60 years after his assassination

1963 നവംബര്‍ 22. അമേരിക്കയിലെ ടെക്‌സാസ് സ്‌റ്റേറ്റിലെ ഡാലസ് ഡൗണ്‍ ടൗണിലൂടെ ഫോര്‍ഡിന്റെ മിഡ്‌നൈറ്റ് ബ്ലൂ നിറമുള്ള 1961 മോഡല്‍ ലിങ്കണ്‍ കോണ്ടിനെന്റല്‍ ഓപ്പണ്‍ കണ്‍വെര്‍ട്ടിബിള്‍ ലിമോസിന്‍ കടന്നുവരികയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും ഭാര്യ ജാക്വിലിനും ടെക്‌സാസ് ഗവര്‍ണര്‍ ജോണ്‍ കോനാലിയും കോനാലിയുടെ ഭാര്യ നെല്ലിയുമാണ് കാറിലുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ റോമന്‍ കത്തോലിക്കനുമായിരുന്നു സുമുഖനായ കെന്നഡിയെന്നതിനാല്‍ വലിയൊരു ആരാധകവൃന്ദമാണ് അദ്ദേഹത്തെ കാത്ത് തെരുവു വീഥില്‍ നിന്നിരുന്നത്. ജോണ്‍ എഫ് കെന്നഡിയുടെ ഭാര്യ ജാക്വലിന്റെ സൗന്ദര്യവും ഫാഷന്‍ സെന്‍സുമെല്ലാം അമേരിക്കന്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്ത സൃഷ്ടിച്ചിരുന്നതിനാല്‍ അന്ന് ജാക്വലിന്‍ ധരിച്ചിരുന്ന വേഷമെന്തെന്നറിയാന്‍ കൂടി കാഴ്ചക്കാര്‍ക്ക് കൗതുകമുണ്ടായിരുന്നിരിക്കണം. ഇരുവരുടെയും കൊച്ചു കുട്ടികളായ കരോലിനും ജോണ്‍ എഫ് ജൂനിയറും അവരെപ്പോലെ തന്നെ നാട്ടുകാരുടെ കൗതുകമായിരുന്നുവെങ്കിലും അന്നത്തെ ആ യാത്രയില്‍ കുഞ്ഞുങ്ങള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. (Remembering John F. Kennedy 60 years after his assassination)

1960ല്‍ തന്റെ 41ാം വയസ്സില്‍ ജോണ്‍ എഫ് കെന്നഡി ഡമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനേഷനായുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ പലരും അദ്ദേഹത്തിന്റെ പ്രായവും അനുഭവക്കുറവുമെല്ലാം ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നു. പക്ഷേ കരിസ്മയും പ്രസംഗചാതുരിയും അദ്ദേഹത്തെ ജനത്തിന് പ്രിയങ്കരനാക്കി. അമേരിക്കക്കാര്‍ക്ക് കത്തോലിക്കാവിരുദ്ധ നിലപാടാണ് ഉണ്ടായിരുന്നതെങ്കിലും കെന്നഡിയുടെ വ്യക്തിത്വം അദ്ദേഹത്തെ തുണച്ചു. എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റിച്ചാര്‍ഡ് നിക്‌സണ്‍ പരാജയപ്പെട്ടു. അമേരിക്കയുടെ 35ാമത് പ്രസിഡന്റായി 1961 ജനുവരി 20ന് ജോണ്‍ എഫ് കെന്നഡി സത്യപ്രതിജ്ഞ ചെയ്തു. സോവിയറ്റ് യൂണിയനുമായുള്ള അമേരിക്കയുടെ ശീതയുദ്ധം ശക്തിപ്പെട്ടുവരുന്ന സമയമായിരുന്നു അത്. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന കെന്നഡി അമേരിക്കയുടെ ആണവശക്തി വിപുലപ്പെടുത്താനുള്ള തീരുമാനമെടുത്തത് സംഘര്‍ഷം കൂടുതല്‍ കടുക്കാന്‍ ഇടയാക്കി. 1961ല്‍ ഇറ്റലിയിലും തുര്‍ക്കിയിലും അമേരിക്ക ജുപ്പീറ്റര്‍ ആണവ മിസൈലുകള്‍ സ്ഥാപിച്ചതിനുള്ള പ്രതികരണമെന്നോണം ക്യൂബയില്‍ സോവിയറ്റ് യൂണിയന്‍ ആണവ മിസൈലുകള്‍ സ്ഥാപിച്ചത് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. 1962 ഒക്ടോബറില്‍ ക്യൂബയിലേക്ക് സോവിയറ്റ് യൂണിയന്‍ ആണവ മിസൈലുകള്‍ എത്തിക്കുന്നത് തടയാന്‍ അമേരിക്ക സമുദ്രത്തില്‍ സൈനിക കപ്പലുകള്‍ ഉപയോഗിച്ച് ഉപരോധം സൃഷ്ടിച്ചിരുന്നു. സോവിയറ്റ് യൂണിയന് ക്യൂബയില്‍ നിന്നും ആയുധങ്ങള്‍ മാറ്റേണ്ടതായും വന്നു. 1962 നവംബര്‍ 20 വരെ അമേരിക്കന്‍ നാവിക ഉപരോധം തുടര്‍ന്നു.

സോവിയറ്റ് യൂണിയനുമായുള്ള ഈ ശീതയുദ്ധം അമേരിക്കയിലെ കമ്യൂണിസ്റ്റ് അനുഭാവികളെ രോഷം കൊള്ളിച്ചിരുന്നു. 1963 നവംബര്‍ 22ന് ജോണ്‍ എഫ് കെന്നഡി വധിക്കപ്പെടുന്നതിന് ഒരു മാസം മുമ്പ് അമേരിക്കയുട യു എന്‍ അംബാസിഡര്‍ അഡ്‌ലെയ് സ്റ്റീവന്‍സണിന്റെ തലയില്‍ ഒരു പ്രതിഷേധക്കാരന്‍ പ്ലക്കാര്‍ഡു കൊണ്ട് അടിച്ചിരുന്നു. അതേത്തുടര്‍ന്ന് പ്രസിഡന്റ് ഡാലസ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് കെന്നഡിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. പക്ഷേ അടുത്ത അമേരിക്കന്‍ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തീരുമാനിച്ചുറച്ചിരുന്ന ജോണ്‍ എഫ് കെന്നഡി ഈ വിലക്കുകള്‍ വകവയ്ക്കാതെ തുറന്ന കാറില്‍ മോട്ടോര്‍ കേഡിന്റെ അകമ്പടിയോടെ ഡാലസ് ടൗണിനടുത്തുള്ള ട്രേഡ് മാര്‍ട്ടില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ പോകുകയായിരുന്നു. 1960ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കെന്നഡി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ റിച്ചാര്‍ഡ് നിക്‌സനെ പരാജയപ്പെടുത്തിയത് ടെക്‌സാസില്‍ നേരിയ 2 ശതമാനം പോയിന്റ് ലീഡിന്റെ സഹായത്താലായിരുന്നു. പക്ഷേ ഡാലസില്‍ നിക്‌സണ് 62 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെന്നഡിക്ക് ലഭിച്ചത് 37 ശതമാനത്തോളം വോട്ടുകള്‍ മാത്രമായിരുന്നു. ഡാലസില്‍ കെന്നഡി ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. ആ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ടെക്‌സാസിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ജോണ്‍ കോനാലിയുമായി അദ്ദേഹം പര്യടനം ആരംഭിച്ചത്.

Read Also: ഗസ്സയില്‍ ഇനി അവശേഷിക്കുന്നത് 1000ല്‍താഴെ ക്രിസ്ത്യാനികള്‍; ആദിമ ക്രിസ്ത്യാനികളുടെ നേര്‍പിന്മുറക്കാര്‍ അസ്തിത്വപ്രതിസന്ധിയില്‍

1963 നവംബര്‍ 22 ഒരു വെള്ളിയാഴ്ചയായിരുന്നു. തുറന്ന മോട്ടോര്‍ കേഡില്‍ പതുക്കെ യാത്ര ചെയ്യുകയായിരുന്നു കെന്നഡിയും സംഘവും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടടുത്ത് കാര്‍ ഡാലസിലെ ഡേലി പ്ലാസയ്ക്ക്ു മുന്നിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് ജോണ്‍ എഫ് കെന്നഡിയ്ക്ക് പിന്നില്‍ നിന്നും രണ്ട് വെടികളേല്‍ക്കുന്നത്. ഒരു തിര പ്രസിഡന്റിന്റെ കഴുത്തു തുളച്ച് മുന്‍ സീറ്റിലിരുന്ന ടെക്‌സാസ് ഗവര്‍ണറുടെ കക്ഷത്തിനു താഴെ പതിച്ചപ്പോള്‍ മറ്റൊന്ന് കെന്നഡിയുടെ തല തുളച്ചു. തന്റെ ഭാര്യ ജാക്വിലിന്റെ തോളിലേക്ക് കെന്നഡി ചെരിഞ്ഞുവീണു. പ്രസിഡന്റിനെ അടുത്തുള്ള പാര്‍ക്ക്‌ലാന്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം അദ്ദേഹം മരണപ്പെട്ടിരുന്നു. ജാക്വിലിന്റെ പിങ്ക് നിറമുള്ള സ്യൂട്ട് രക്തത്തില്‍ കുതിര്‍ന്നു. ടെക്‌സാസ് സ്‌കൂള്‍ ബുക്ക് ഡെപ്പോസിറ്ററി ബില്‍ഡിങ്ങിന്റെ ആറാമത്തെ നിലയിലെ ജനാലയിലൂടെയാണ് ലീ ഹാര്‍വി ഓസ്‌വാള്‍ഡ് വെടിയുതിര്‍ത്തത്.

കെന്നഡിയുടെ ഘാതകന്‍ ലീ ഹാര്‍വി ഓസ് വാള്‍ഡ് ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. യു എസ് മറൈന്‍സില്‍ നിന്നും വിരമിച്ചശേഷം 1959 ഒക്ടോബറില്‍ സോവിയറ്റ് യൂണിയനിലേക്ക് പോയ ഇയാള്‍ 1982ല്‍ അമേരിക്കയില്‍ തിരിച്ചെത്തുകയായിരുന്നു. റഷ്യക്കാരിയായ ഭാര്യയ്‌ക്കൊപ്പമായിരുന്നു തിരിച്ചുവരവ്. കെന്നഡിയുടെ കൊലപാതകത്തിനുശേഷം ലീ ഹാര്‍വിയെ തെരുവില്‍ ചോദ്യം ചെയ്ത പൊലീസുകാരനെ അയാള്‍ അരയില്‍ കരുതിയിരുന്ന മറ്റൊരു പിസ്റ്റള്‍ ഉപയോഗിച്ച് കൊല ചെയ്തിരുന്നു. ഒരു മൂവി തീയേറ്ററില്‍ നിന്നും 30 മിനിട്ടിനുശേഷം അറസ്റ്റിലായ ലീ ഹാര്‍വിയെ രണ്ടു ദിവസങ്ങള്‍ക്കുശേഷം ഡാലസ് പൊലീസ് ആസ്ഥാനത്തു നിന്നും സുരക്ഷിതമായ ജയിലിലേക്ക് മാറ്റാന്‍ കൊണ്ടുപോകവേ ഒരു നിശാക്ലബിന്റെ ഉടമയായ ജാക്ക് റൂബി വെടിവച്ചു കൊല്ലുകയായിരുന്നു. കെന്നഡി വധത്തിലുള്ള രോഷത്താലാണ് താന്‍ ലീ ഹാര്‍വിയെ വധിച്ചതെന്നായിരുന്നു ജാക്ക് റൂബിയുടെ മൊഴി. പക്ഷേ വലിയൊരു ഗൂഢാലോചന വെളിപ്പെടാതിരിക്കാന്‍ ജാക്ക് റൂബി ലീ ഹാര്‍വിയെ വധിക്കുകയായിരുന്നുവെന്നാണ് ഇന്നും പലരും വിശ്വസിക്കുന്നത്. എന്നാല്‍ 1964ലെ വാറന്‍ കമ്മീഷന്‍ ഓസ്വാള്‍ഡോ ജാക്കി റൂബിയോ ആഭ്യന്തരമോ അന്തര്‍ദ്ദേശീയമോ ആയ ഗൂഢോലോചനയുടെ ഭാഗമല്ലെന്നാണ് കണ്ടെത്തിയതെങ്കിലും ഗൂഢാലോചനാ സിദ്ധാന്തങ്ങളെ നിശ്ശബദമാക്കാന്‍ അത് പര്യാപ്തമായിരുന്നില്ല. 1978ല്‍ ഹൗസ് സെലക്ട് കമ്മിറ്റി ഓണ്‍ അസാസിനേഷന്‍സ് ‘കെന്നഡി ചിലപ്പോള്‍ ഒരു ഗൂഢാലോചനയുടെ ഭാഗമായാകാം വധിക്കപ്പെട്ടതെന്ന്’ നിരീക്ഷിച്ചതോടെ ഇന്നും കൊലപാതകം അമേരിക്കയില്‍ ഒരു ദുരൂഹതയായി തന്നെ തുടരുകയാണ്.

കെന്നഡിയുടെ വധത്തിനു മുമ്പ് റിപ്പബ്ലിക്കന്‍സിന്റെ ശക്തികേന്ദ്രമായിരുന്ന ഡാലസ് ഇന്ന് ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമാണ്. ഈയിടെ മേയര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലിയായത് ഒറ്റപ്പെട്ട സംഭവം മാത്രം. കെന്നഡിയുടെ സ്മാരകവും കെന്നഡിക്ക് വെടിയേറ്റ സ്ഥലവുമെല്ലാം ഡാലസില്‍ കാണാം. അറുപതു വര്‍ഷങ്ങള്‍ക്കുശേഷവും അമേരിക്കന്‍ ജനത ഇന്നും ജോണ്‍ എഫ് കെന്നഡിയുടെ വധത്തെപ്പറ്റി സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

Story Highlights: Remembering John F. Kennedy 60 years after his assassination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here