ഗസ്സയിൽ നാളെ മുതൽ വെടിനിർത്തൽ; ഹമാസ് തടവിലാക്കിയ 50 പേരെ മോചിപ്പിക്കും, 150 പലസ്തീൻ പൗരന്മാരെ ഇസ്രയേലും വിട്ടയയ്ക്കും

ഗസ്സയിൽ നാളെ രാവിലെ 7 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയവരെ നാളെ ഇസ്രയേലിലേക്ക് വിട്ടയയ്ക്കുമെന്ന് ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. മധ്യസ്ഥ നീക്കം തുടരുകയാണെന്നും ഹമാസ് തടവിലാക്കിയ 50 പേരെ നാളെ മോചിപ്പിക്കുമെന്നുമാണ് അറിയിക്കുന്നത്. 18 ഇസ്രയേലുകാരെയാവും ആദ്യ ഘട്ടത്തിൽ വിട്ടയയ്ക്കുക. ജയിലിൽ കഴിയുന്ന 150 പലസ്തീൻ പൗരന്മാരെ ഇസ്രയേലും വിട്ടയയ്ക്കുമെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്.
ഇതിനിടെ, അൽശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബൂ സൽമിയയെയും ഡോക്ടർമാരെയും ഇസ്രായേൽ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഗസ്സയിൽ പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിൽ ഇനി ലോകാരോഗ്യ സംഘടനയുമായി സഹകരിക്കില്ലെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അറസ്റ്റിന്റെ ഉത്തരവാദിത്തം യുഎന്നിനാണെന്നും ഗസ്സ ആരോഗ്യമന്ത്രി അഷ്‌റഫ് അൽഖുദ്‌റ പറഞ്ഞു. ഹമാസ് കേന്ദ്രങ്ങൾ പിടിച്ചെടുത്തതായാണ് ഇസ്രായേൽ സേന അവകാശപ്പെടുന്നത്.
Read Also: ഹമാസ് ബന്ദികളുടെ വിവരങ്ങൾ കൈമാറായില്ല; ഗസ്സയിൽ താത്കാലിക വെടിനിർത്തൽ നാളെയെ സാധ്യമാകൂവെന്ന് ഇസ്രയേൽ
അൽശിഫ ആശുപത്രി അധികൃതരുടെ അറസ്റ്റ് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഹമാസ് അറിയിച്ചു. ഖാൻ യൂനിസിലും റഫയിലും ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്. താമസ സമുച്ചയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. നൂറോളം രോഗികളുള്ള വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രായേലി സേന ഭീഷണി മുഴക്കി.
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇന്ന് മാത്രം 90 പലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്. അറൂബ് അഭയാർഥി ക്യാമ്പിൽ റെയ്ഡ് തുരുകയാണ്. ഗസ്സയിൽ ഇസ്രായേലിന്റെ 11 സൈനികവാഹനങ്ങൾ തകർത്തെന്നാണ് അൽഖുദ്‌സ് ബ്രിഗേഡ് അറിയിച്ചത്. ഇതിനിടെ 35 റോക്കറ്റുകളും ആന്റി ടാങ്ക് മിസൈലുകളുമാണ് വടക്കൻ ഇസ്രായേലിലേക്ക് ലബനാനിൽ നിന്ന് തൊടുത്തത്. ആക്രമണത്തിൽ അഞ്ച് ഹിസ്ബുള്ള പോരാളികളെ വധിച്ചെന്നാണ് ഇസ്രായേൽ സേനയുടെ അവകാശവാദം.
Story Highlights: Israel-Hamas war live: Gaza truce to start at 7am on Friday – Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here