Advertisement

സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടി മറയ്ക്കാൻ സിപിഐഎം ഗവർണറെ അപമാനിക്കുന്നു: കെ സുരേന്ദ്രൻ

December 1, 2023
Google News 1 minute Read
K Surendran against CPIM

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത് മറയ്ക്കാനാണ് സിപിഐഎം ഗവർണറെ അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി. ഇതിൻ്റെ ജാള്യത കൊണ്ടാണ് എം.വി ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്ന അവസ്ഥയിലാണ് സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ രാജിവെക്കണമെന്ന ഗോവിന്ദൻ്റെ പ്രസ്താവന തമാശയാണ്. ചട്ടങ്ങൾ ലംഘിച്ച് യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിസിയെ പുനർനിയമിച്ച മുഖ്യമന്ത്രിയാണ് രാജിവെക്കേണ്ടത്. അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രിക്ക് ഇനിയും സ്ഥാനത്ത് തുടരാൻ അർഹതയില്ല. നവകേരള സദസിന് വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കാനുള്ള സർക്കാരിൻ്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇടതു സർക്കാർ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ ഗൗരവതരമാണ്. മുഖ്യമന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഗോവിന്ദൻ്റെ ജോലി. നവകേരള സദസ് നുണ കേരള സദസായി മാറി കഴിഞ്ഞു. യാത്രയുടെ നാളുകളിൽ ഓരോ ദിവസവും സർക്കാരിന് കോടതിയിൽ നിന്നും തിരിച്ചടിയേൽക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ നവകേരള സദസ് കൊണ്ട് സാധിക്കില്ലെന്ന് മനസിലായതു കൊണ്ടാണ് ഫീൽഡ് ഔട്ടായ സിനിമാ നടിമാരെ ഇറക്കി ഓരോ മണ്ടത്തരങ്ങൾ പറയിപ്പിക്കുന്നത്. അതുകൊണ്ടൊന്നും ജനശ്രദ്ധ മാറ്റാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Story Highlights: K Surendran against CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here