ഫറൂഖ് കോളജിലെ പരിപാടിയിൽ ക്ഷണിച്ച ശേഷം ഒഴിവാക്കിയ സംഭവത്തിൽ സംവിധായകൻ ജിയോ ബേബിക്ക് പിന്തുണ ഏറുന്നു

ഫറൂഖ് കോളജിലെ പരിപാടിയിൽ ക്ഷണിച്ച ശേഷം ഒഴിവാക്കിയ സംഭവത്തിൽ സംവിധായകൻ ജിയോ ബേബിക്ക് പിന്തുണ ഏറുന്നു. ഇന്ന് കോഴിക്കോട് മടപ്പള്ളി കോളജിൽ നടക്കുന്ന പരിപാടിയിൽ ജിയോ ബേബി പങ്കെടുക്കും. കോളേജ് യൂണിയൻ ഉദ്ഘാടനത്തിനായാണ് ജിയോ ബേബി എത്തുക. ഫറൂഖ് കോളേജ് പരിസരത്ത് പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. കോളജ് അധികൃതരുടെ നിലപാടിന് എതിരെയാണ് പ്രതിഷേധം. (farook college jeo baby)
പരിപാടി മാറ്റിവെച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാൻ എന്നാണ് കോളജിന്റെ വിശദീകരണം. വിദ്യാർഥി യൂണിയൻ പ്രതിഷേധ പരിപാടി നടത്തുമെന്നും സഹകരിക്കില്ലെന്നും അറിയിച്ചെന്നും കോളേജ് അധികൃതർ പറയുന്നു.
കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. കോളേജ് മാനേജ്മെന്റിനെതിരെ ജിയോ ബേബി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതർ അറിയിക്കുന്നതെന്ന് ജിയോ ബേബി സോഷ്യൽമീഡിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
Read Also: ജിയോ ബേബിക്കുണ്ടായ അപമാനം: അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു
സംഭവത്തിൽ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം കോളേജ് പ്രിൻസിപ്പൽ ഐഷ സ്വപ്‌നയെ ബന്ധപ്പെട്ടെങ്കിലും പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മറുപടി. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചെന്നാണ് ജിയോ ബേബി പറയുന്നത്. താൻ അപമാനിതനായെന്ന് ജിയോ ബേബി വീഡിയോയിൽ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു എന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്. കോളജിൻ്റെ നടപടി സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും. ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
Story Highlights: farook college jeo baby support
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here