‘ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോൾ എന്റെ ഹൃദയം വിങ്ങുന്നു’; കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ 2022ലെ പോസ്റ്റ് കുത്തിപ്പൊക്കി ബിജെപി

കോണ്‍ഗ്രസ് എംപി ധീരജ് സാഹു 2022ൽ എക്സിൽ പങ്കുവെച്ച പോസ്റ്റ് കുത്തിപ്പൊക്കി ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യ. ധീരജ് സാഹുവിൻ നിന്ന് 300 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പരിഹാസം. കള്ളപ്പണത്തെ സംബന്ധിച്ചായിരുന്നു ധീരജ് സാഹുവിന്റെ പോസ്റ്റ്.
2022ൽ ധീരജ് സാഹു പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്; “നോട്ടുകൾ അസാധുവാക്കിയതിന് ശേഷവും, രാജ്യത്ത് ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോൾ എന്റെ ഹൃദയം വിങ്ങുന്നു. എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം ആളുകളിൽ കുമിഞ്ഞുകൂടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് കോൺഗ്രസിന് മാത്രമാണ്”.
എംപിയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് അഴിമതി കി ദുകാന്‍ എന്ന ഹാഷ്ടാഗോടെ ധീരജ് സാഹുവിന് നല്ല നര്‍മ്മബോധം ഉണ്ട് എന്നായിരുന്നു അമിത് മാളവ്യയുടെ പരിഹാസം. ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയുടെ ഓഫീസുകളിലും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 300 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു.
ഈ ഡിസ്റ്റിലറി ധീരജ് സാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ആദായ നികുതി വകുപ്പ് വെളിപ്പെടുത്തുന്നത്. നേരത്തെ ജാര്‍ഖണ്ഡിലെ എംപിയുടെ വസതികളില്‍ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണവേട്ടകളില്‍ ഒന്നായാണ് ഇതിനെ ബിജെപി വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഡിസ്റ്റിലറി റെയ്ഡില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ധീരജ് സാഹുവിനെ പൂർണമായും തള്ളുകയാണ് കോണ്‍ഗ്രസ് പാർട്ടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here