Advertisement

‘വടകരയിൽ വോട്ട് സ്ഥാനാർത്ഥി മികവിനോ?’; ’24 മൂഡ് ട്രാക്കർ’ സർവേ

December 10, 2023
Google News 3 minutes Read
Vadakara? 24 Mood Tracker Survey

പോരാട്ട വീര്യങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് വടകര ലോക്സഭാ മണ്ഡലം. കര്‍ഷക സമരങ്ങളുടെയും ധീര രക്തസാക്ഷിത്വങ്ങളുടെയുമൊക്കെ കഥ പറയുന്ന മണ്ണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വടകര ഒരുങ്ങുമ്പോള്‍ ഒന്നുറപ്പിക്കാം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ വടകര പിടിക്കാൻ ആവില്ല. കടുത്ത പോരാട്ടത്തിന് തന്നെയാണ് വടകര വേദിയാകുന്നതെന്ന് ചുരുക്കം.

ഇടത് വേരോട്ടമുള്ള മണ്ണ് കഴിഞ്ഞ മൂന്ന് തവണയും തെരഞ്ഞെടുത്തത് കോൺഗ്രസ് സ്ഥാനാർത്ഥിയെ. 2009ൽ പി സതീദേവിയിൽ നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പിടിച്ചെടുത്ത മണ്ഡലം പിന്നീട് ‘കൈ’ വിട്ടിട്ടില്ല. 2014ൽ മുല്ലപ്പള്ളി രണ്ടാം വട്ടവും വിജയിച്ചപ്പോൾ 2019ൽ കെ മുരളീധരനിലൂടെ കോൺഗ്രസ് മണ്ഡലം നിലനിർത്തി. മുരളീധരനെതിരെ പി ജയരാജനെയാണ് സിപിഐഎം ഇറക്കിയത്. ഇടതുപക്ഷം കാടിളക്കി പ്രചാരണം നടത്തിയെങ്കിലും വടകര പക്ഷേ മുരളിക്കൊപ്പം നിന്നു.

84,663 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് കെ മുരളീധരന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ’24 മൂഡ് ട്രാക്കർ’ സർവേ പ്രകാരം വടകര എംപിയെന്ന നിലയിൽ കെ മുരളീധരന്റെ പ്രകടനത്തെ മണ്ഡലം ‘ശരാശരി’ എന്ന് വിലയിരുത്തുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 3 ശതമാനം പേര്‍ മാത്രമാണ് മണ്ഡലത്തിലെ മുരളീധരന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 10 ശതമാനം പേര്‍ എംപിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണെന്ന് അഭിപ്രായപ്പെട്ടു.

വടകരയിൽ വോട്ട് സ്ഥാനാർത്ഥി മികവിനോ?
സ്ഥാനാർത്ഥി മികവ് വടകര മണ്ഡലത്തിൽ ഒരു പ്രധാന ഘടകമായി മാറിയേക്കും. ’24 മൂഡ് ട്രാക്കർ’ സർവേ പറയുന്നത് 34.2% പേർ സ്ഥാനാർത്ഥി മികവിന് വോട്ടു ചെയ്യുമെന്നാണ്. ചുരുക്കിപ്പറഞ്ഞാൽ ശക്തരെ നിർത്തിയാൽ വോട്ട് നേടാം. നിലവിലുള്ള എംപിമാരെത്തന്നെ വീണ്ടും കളത്തിലിറക്കാനാണു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം. മറുവശത്ത് പ്രഗത്ഭരുടെ പേരാണ് ഇടതുപാളയത്തിൽ നിന്ന് ഉയരുന്നത്. വടകരയിൽ കെ.കെ ശൈലജയോ തോമസ് ഐസക്കോ പോരിന് ഇറങ്ങും. ബിജെപി സ്ഥാനാർത്ഥി ആരാകുമെന്ന് കാര്യത്തിൽ വ്യക്തതയില്ല. ഇത്തവണയും വി.കെ സജീവൻ നിൽക്കാനാണ് സാധ്യത.

കെ മുരളീധരൻ ഇത്തവണ കോട്ട കാക്കുമോ?
വീരന്മാരുടെ യുദ്ധത്തിന് വടകരയിൽ കളമൊരുങ്ങുമ്പോൾ കെ മുരളീധരൻ കോട്ട കാക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് മണ്ഡലം പറയുന്നത്. 43% പേരും പറയുന്നുത് യുഡിഎഫ് വിജയിക്കുമെന്നാണ്. പക്ഷേ ആശ്വസിക്കാൻ കഴിയില്ല, കാരണം വടകര ഇടതിലേക്ക് ചായാനുള്ള സാധ്യതയുണ്ട്. സർവേ പ്രകാരം 40% പേർ പറയുന്നത് എൽഡിഎഫ് വിജയിക്കുമെന്നാണ്. 7% പേർ മാത്രം ബിജെപി പിന്തുണച്ചു.

ബിജെപി വോട്ടുകൾ ഇവിടെ ഒരു ചോദ്യചിഹ്നമാണ്. ഇടതുപക്ഷ വിരുദ്ധതയാണ് വടക്കൻ കേരളത്തിൽ ബിജെപിയുടെ മുഖമുദ്ര. ഈ വോട്ടറുകൾ കോൺഗ്രസിന് മറിയാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുരളീധരന് 5,26,755 വോട്ടുകളും പി ജയരാജന് 4,42,092 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി സജീവൻ 80,128 വോട്ടുകൾ പിടിച്ചു. 2019ൽ നേടിയ വലിയ ഭൂരിപക്ഷം ഇത്തവണ ഉണ്ടായേക്കില്ലെന്നും സർവേ വ്യക്തമാക്കുന്നു.

മണ്ഡല ചരിത്രം:
1957- ല്‍ തുടങ്ങുന്നു മണ്ഡലത്തിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രം. അന്നുതൊട്ടിന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ മാറിയും മറിഞ്ഞും കിടക്കുന്നു വടകരയുടെ കൂറ് എന്നത് വ്യക്തം. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ.ബി മേനോനാണ് വടകര ലോക്സഭാ മണ്ഡലത്തിലെ ആദ്യ എംപി. 1962- ല്‍ സ്വതന്ത്രനായി മത്സരിച്ച് എ.വി രാഘവന്‍ വിജയിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എ ശ്രീധരന്‍ 67-ല്‍ വിജയിയായി. 1971-ല്‍ കെ.പി ഉണ്ണികൃഷ്ണനിലൂടെ വടകരയില്‍ കോണ്‍ഗ്രസിന് ആദ്യ വിജയം.

77-ല്‍ കെ.പി ഉണ്ണുകൃഷ്ണന്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1980-ല്‍ കെ.പി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് യുവിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് 84 മുതല്‍ 91 വരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം കോണ്‍ഗ്രസ് എസ്സിന്റെ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി 1996 -ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും കെ.പി ഉണ്ണികൃഷനെ തുണച്ചില്ല വടകരയുടെ വിധി. പിന്നീട് 2004 ല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിജയിപ്പിച്ചുകൊണ്ട് വടകര യുഡിഎഫിന് അനുകൂലമായി വിധി എഴുതി. ഈ വിജയം 2014 ലും ആവര്‍ത്തിച്ചു.

Story Highlights: Vadakara? 24 Mood Tracker Survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here