Advertisement

നവകേരള സദസ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം: സിപിഐഎം

December 11, 2023
Google News 2 minutes Read
CPIM against Youth congress protest at Navakerala sadas

നവകേരള സദസ്സ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എറണാകുളത്ത് സദസ്സിനുനേരെ കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ സിപിഐഎം രംഗത്തെത്തിയത്. സദസ്സ് തുടങ്ങി കണ്ണൂര്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ അക്രമം ഇടയ്ക്ക് വച്ച് നിര്‍ത്തിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണെന്ന് സിപിഐഎം കുറ്റപ്പെടുത്തി. (CPIM against Youth congress protest at Navakerala sadas)

മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനുനേരെ ഷൂസും, കരിങ്കല്ലും എറിയുന്ന തലത്തില്‍ വരെ കോണ്‍ഗ്രസുകാരുടെ അക്രമം എത്തിയിരിക്കുകയാണെന്ന് സിപിഐഎം പ്രസ്താവനയില്‍ പറയുന്നു. അതിന്റെ പ്രത്യാഘാതം എന്തെന്ന് തിരിച്ചറിഞ്ഞാണോ ഇതിനൊക്കെ പുറപ്പെട്ടിരിക്കുന്നത് എന്ന് നേതാക്കള്‍ ആലോചിക്കുന്നത് നല്ലതാണ്. എന്ത് അക്രമം ഉണ്ടായാലും സംയമനം പാലിച്ച് നവകേരള സദസ്സ് വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടുപോരുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

കേരളത്തിലെ ജനങ്ങള്‍ മഹാഭൂരിപക്ഷം നല്‍കി തെരഞ്ഞെടുത്ത ഒരു സര്‍ക്കാരാണ് ഇത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത ജനകീയ പരിപാടിയുമായി ജനങ്ങളിലേക്ക് ചെല്ലുന്ന നവകേരള സദസ്സിന് സര്‍ക്കാരിന്റേയും, എല്‍ഡിഎഫിന്റേയും പ്രതീക്ഷയ്ക്കുമപ്പുറം സ്വീകരണമാണ് ലഭിച്ചുവരുന്നത്. നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അവതരിപ്പിക്കുന്നതും, പരിഹരിച്ചുപോരുന്നതും. കക്ഷി രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ നവകേരള സദസുകളിലെത്തുന്നതും ഈ സര്‍ക്കാരിലുള്ള വിശ്വാസം കൊണ്ടാണ്. അതില്‍ വിറളിപൂണ്ട് കല്ലൂം ഷൂസുമായി ഇറങ്ങിയാല്‍ അതിനനുസരിച്ച് അക്രമങ്ങള്‍ക്കൊരായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും പ്രസ്താവനയിലുണ്ട്.

വി.ഡി സതീശന്റേയും, കെ സുധാകരന്റേയും അറിവില്ലാതെ ഇത്തരത്തില്‍ ഒരു അക്രമ പ്രവര്‍ത്തനത്തിലേക്ക് യൂത്ത് കോണ്‍ഗ്രസോ, കെ.എസ്.യുവോ നീങ്ങില്ലെന്ന് ഉറപ്പാണെന്ന് സിപിഐഎം പറയുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പല പ്രസ്താവനകളും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ആരും എതിര്‍ക്കുന്നില്ല. സര്‍ക്കാരിന് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം. ഈ അക്രമ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ സമൂഹം അപലപിക്കണം. അക്രമമാര്‍ഗം വെടിഞ്ഞ് ജനാധിപത്യ വഴിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Story Highlights: CPIM against Youth congress protest at Navakerala sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here