Advertisement

‘ശബരിമലയിൽ സൗകര്യങ്ങളില്ലെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതം, കുറ്റപ്പെടുത്താനോ വിവാദത്തിനോ ഇല്ല’; പി.എസ് പ്രശാന്ത്

December 12, 2023
Google News 1 minute Read
PS Prashant on Sabarimala issue

ശബരിമലയിൽ അസൗകര്യം ഉണ്ടെന്ന പ്രചാരണം രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. സർക്കാരും ദേവസ്വം ബോർഡ് ഒന്നും ചെയ്തില്ലെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താനോ വിവാദത്തിനോ താല്പര്യമില്ല. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മതിയായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്നുമുള്ള ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ വിശദീകരണം. ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടില്ല എന്നുള്ള പ്രചരണം വസ്തുത വിരുദ്ധമാണ്. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും മറ്റുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2 തവണ അവലോകനയോഗം ചേർന്നു. അവധി ദിവസങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങൾക്ക് ദർശനസൗകര്യം ഉറപ്പാക്കുന്നതിന് മുമ്പ് 17 മണിക്കൂർ ആയിരുന്ന ദർശന സമയം 18 മണിക്കൂറായി ദീർഘിപ്പിച്ചു. ശബരിമലയിൽ സീസൺ തുടങ്ങിയ കാലയളവ് മുതൽ വെർച്വൽ ക്യൂവിൽ 90,000 പേർക്ക് രജിസ്റ്റർ ചെയ്യാനാണ് സൗകര്യം ഏർപ്പെടുത്തിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 80,000 പേർക്ക് മാത്രമായി ചുരുക്കി. ദർശനത്തിനായി ക്യൂ നിൽക്കുന്ന അയ്യപ്പഭക്തർക്ക് വലിയ നടപ്പന്തൽ, ഡൈനാമിക്ക് ക്യൂ കോംപ്ലക്സ് എന്നിവയിൽ മതിയായ ചുക്കുവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിവസവും 23 മണിക്കൂറും ഭക്തജനങ്ങൾക്ക് തേങ്ങയടിച്ച് പതിനെട്ടാംപടി കയറുന്നതിന് അനുവദിക്കുന്നുണ്ട്. അപ്പം അരവണ എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക് നൽകുന്നതിന് 18 ആം പടിക്ക് താഴെയുള്ള കൗണ്ടർ കോംപ്ലക്സിൽ 10 കൗണ്ടറുകളും മാളികപ്പുറത്തിന് സമീപം 6 കൗണ്ടറുകളും നിലവിലുണ്ട്. നെയ്യഭിഷേകത്തിനുള്ള കൂപ്പൺ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് ഐസിഐസിഐ ബാങ്കിൻ്റെ സഹകരണത്തോടുകൂടി ഫാസ്റ്റ് ടാഗ് സൗകര്യം ഏർപ്പെടുത്തി. നിലക്കലിൽ ഏകദേശം 7000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ശബരിമലയിൽ തീർത്ഥാടകർക്ക് സാധ്യമായ പരമാവധി സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: PS Prashant on Sabarimala issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here