Advertisement

‘മാണിസാറിന്റെ വിശ്വസ്തനെ അപമാനിച്ചിട്ടും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണോ കേരള കോണ്‍ഗ്രസ്(എം)?’-കെ സുധാകരന്‍

December 14, 2023
Google News 1 minute Read
K Sudhakaran on Kerala Congress(M)

മാണിസാറിന്റെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ്(എം) എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മാണിസാറിനെ പാലായില്‍ പോലും നിഷ്ഠൂരമായി വേട്ടയാടിയ സിപിഐഎം അതിന്റെ ജനിതകഗുണം തന്നെയാണ് മുഖ്യമന്ത്രിയിലൂടെ ആവര്‍ത്തിച്ചത്. മുഖ്യമന്ത്രി അടിയന്തരമായി മാപ്പു പറയണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

പാലായില്‍ നടന്ന നവകേരള സദസ് വിജയിപ്പിക്കാന്‍ അധ്വാനിച്ച ചാഴികാടനോട് കടക്കൂ പുറത്ത് എന്ന മട്ടില്‍ മുഖ്യമന്ത്രി സംസാരിച്ചത് നന്ദികേടാണ്. റബറിന് 250 രൂപ വില നല്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ചാഴികാടന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പൊട്ടിത്തറിച്ചത്. ചാഴികാടന് നവകേരള സദസ് എന്താണെന്നു മനസിലാക്കാന്‍ പോലുമുള്ള കഴിവില്ലെന്നാണ് സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പുലയാട്ട്. നേരത്തെ കെ.കെ ശൈലജ ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളോടും സമാനരീതിയില്‍ മുഖ്യമന്ത്രി അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയില്‍ റബറിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി വാപൂട്ടിയിരുന്നു. നെല്‍കര്‍ഷകരെയും കൈവിട്ടപ്പോള്‍ കെ റെയിലിനെ പൊക്കിപ്പിടിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ലായിരുന്നു. തോമസ് ചാഴികാടനെതിരേയുള്ള പരാമര്‍ശത്തിലൂടെ കടുത്ത ദുരിതത്തില്‍ക്കൂടി കടന്നുപോകുന്ന 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബര്‍ കര്‍ഷകരെക്കൂടിയാണ് അപമാനിച്ചത്. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ഒരു കിലോ റബറിന് 140 രൂപയില്‍ താഴെ വിലയായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. റബര്‍ കൃഷി ഉപേക്ഷിച്ച തോട്ടങ്ങളില്‍ ഇപ്പോള്‍ കാട്ടുമൃഗങ്ങള്‍ വിഹരിക്കുകയാണ്. 13 തവണ മാണി സാറിനെ ജയിപ്പിച്ച പാലായില്‍വച്ചാണ് കേരള കോണ്‍ഗ്രസ്(എം) അപമാനിക്കപ്പെട്ടത് എന്നതും വിഷയത്തിന്റെ ഗൗരവം വിളിച്ചോതുന്നുവെന്ന് കെ സുധാകരൻ.

Story Highlights: K Sudhakaran on Kerala Congress(M)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here