തലവേദനക്ക് കുത്തിവെപ്പെടുത്തു; പിന്നാലെ എഴു വയസ്സുകാരന്റെ കാല് തളർന്നെന്ന് പരാതി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. കുത്തിവെപ്പിന് തുടർന്ന് കാലിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോൾ ചികിത്സയിലാണ്.
തൃശൂർ പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ തലവേദനയെ തുടർന്നാണ് മാതാവ് ഹിബയുമൊത്ത് ചവക്കട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡിസംബർ 1ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി.
കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു. ശേഷം അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകി. ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു.
ഈ സമയം കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. മാറിക്കോളുമെന്ന് പറഞ്ഞ് ഡോക്ടർ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. പക്ഷെ കുട്ടിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതായതോടെ കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അറിയിച്ചുവെന്ന് കുടുംബം പറയുന്നു.
തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് പൊലീസിനും ആശുപത്രി സൂപ്രണ്ട്, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ പറഞ്ഞു.
Story Highlights: medical malpractice case against doctor and nurse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here