Advertisement

വ്യാജ പോക്‌സോ കേസിൽ ജയിലിലായ അധ്യാപകൻ കുറ്റവിമുക്തൻ; കാൽ തൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരി, SFI കെട്ടിച്ചമച്ച കേസിൽ താൻ കരുവാക്കപ്പെട്ടെന്ന് വിദ്യാർത്ഥിനി

December 26, 2023
Google News 0 minutes Read
fake pocso case; pala govt hss teacher ak hassan acquitted

വ്യാജ പോക്‌സോ കേസിൽ ജയിലിലടയ്ക്കപ്പെട്ട അധ്യാപകൻ ഒടുവിൽ കുറ്റവിമുക്തൻ. കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനായ മുഴക്കുന്ന് സ്വദേശി എ.കെ ഹസൻ മാസ്റ്ററെയാണ് നിരപരാധിയെന്ന് കണ്ടെത്തി മട്ടന്നൂർ അതിവേഗ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡജ് അനീറ്റ ജോസഫ് വെറുതെ വിട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് എ.കെ ഹസൻ മാസ്റ്ററുടെ ജീവിതം തന്നെ തുലച്ച വ്യാജ പോക്‌സോ കേസിന് പിന്നിലെ കാരണം. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സംസ്ഥാന നിർവാഹകസമിതി അംഗമായിരുന്നു ഹസൻ. തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇടത് അനുകൂല സംഘടനയും എസ്.എഫ്.ഐയും ചേർന്ന് കെട്ടിച്ചമച്ചതാണ് തനിക്കെതിരായ വ്യാജ പോക്‌സോ കേസെന്ന് ഹസ്സൻ മാസ്റ്റർ പറയുന്നു.

എ.കെ ഹസൻ മാസ്റ്ററുടെ 33 വർഷം നീണ്ട അധ്യയന ജീവിതത്തിലേക്ക് കരിനിഴലായാണ് നാല് വിദ്യാർത്ഥിനികളുടെ പീഡന പരാതി ഉയരുന്നത്. 2022 ലാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ അഞ്ച് കുട്ടികളാണ് സ്‌കൂൾ കൗൺസിലർ മുൻപാകെ ഹസൻ മാഷിനെതിരെ പരാതി നൽകിയത്. ഇതിന് പിന്നാലെ ഹസൻ മാസ്റ്റർ ജോലിയിൽ നിന്നും വീട്ടിൽ നിന്നും മാറി നിന്നു. 2022 നവംബർ 2ന് ഒരു കൂട്ടം ആളുകളെത്തി ഹസന്റെ വീട് ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയ സംഘത്തിന്റെ ലക്ഷ്യം ഹസൻ മാഷായിരുന്നു. ഹസനിലെന്ന് ഭാര്യ പറഞ്ഞതോടെ ക്ഷുഭിതരായ ജനക്കൂട്ടം വീടിന് മുന്നിലെ ചെടിച്ചട്ടികളെല്ലാം തകർത്തു. കല്ലെറിഞ്ഞ് ഷോക്കേസും തകർത്തു. ആക്രമണത്തിൽ ഹസന്റഎ ഭാര്യയ്ക്ക് പരുക്കേറ്റു. മഹിളാ കോൺഗ്രസ് മുഴക്കുന്നം പ്രസിഡന്റായിരുന്നു ഹസന്റെ ഭാര്യ ഷഫിറ.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഹസനെതിരെയുള്ള വ്യാജ പരാതിയാണെന്ന് ആ സമയത്ത് തന്നെ ആരോപണമുയർന്നിരുന്നു. കൊവിഡ് കാലത്ത് ശമ്പളം പിടിക്കാനുള്ള സർക്കാർ നടപടിയെ എതിർത്ത് സമരം ചെയ്തവരിൽ ഹസനും ഉണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് ഹസനെതിരായ പരാതിയെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഒടുവിൽ പോക്‌സോ കേസിൽ കുട്ടികളുടെ പരാതി അടിസ്ഥാനമാക്കി കൗൺസിലർ നൽകിയ റിപ്പോർട്ട് പ്രധാനാധ്യാപികയ്ക്ക് മുഴക്കുന്ന് പൊലീസ് കൈമാറി. തുടർന്ന് 2023 മാർച്ച് 19ന് എ.കെ ഹസൻ മാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിലായി. 30 ദിവസമാണ് ഹസൻ കണ്ണൂർ സ്‌പെഷ്യൽ സബ് ജെയിലിൽ തടവിൽ കഴിഞ്ഞത്.

22 വർഷക്കാലം കാക്കയങ്ങാട് പാല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന ഹസൻ മാഷ് വെറുക്കപ്പെട്ടവനായത് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും സ്‌കൂളിൽ നിന്ന് അഞ്ച് മാസം സസ്‌പെൻഷൻ കിട്ടി. പിന്നാലെ വീടനടുത്തുള്ള സ്‌കൂളിൽ നിന്ന് ദൂരെ മാറി മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റി വിദ്യാഭ്യാസ വകുപ്പും ശിക്ഷിച്ചു.

പിന്നീട് നടന്ന നിയമയുദ്ധത്തിൽ വിധി ഹസൻ മാഷിന് അനുകൂലമായി. വർഷങ്ങളായി വേട്ടയാടപ്പെട്ട ഹസൻ മാഷിന് ജീവിതം തിരികെ ലഭിച്ചതുപോലെയായിരുന്നു ആ നിമിഷം. വിധിക്ക് പിന്നാലെ വൈകാരിക രംഗങ്ങൾക്കാണ് കോടതി മുറ്റം സാക്ഷ്യം വഹിച്ചത്. കോടതി മുറ്റത്ത് വച്ച് പരാതിക്കാരിൽ ഒരാളായ വിദ്യാർത്ഥിനി ഹസൻ മാഷിനടുത്തെത്തി കാൽ തൊട്ട് മാപ്പ് ചോദിച്ചു. തങ്ങൾ കരുവാക്കപ്പെടുകയായിരുന്നുവെന്ന് വിദ്യാർത്ഥി കരഞ്ഞുകൊണ്ട് പറഞ്ഞു. വിദ്യാർത്ഥിനിയുടെ പിതാവും മാപ്പപേക്ഷിച്ചു.

തനിക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥികളോട് തനിക്ക് പരിഭവമില്ലെന്ന് ഹസൻ മാഷ് വിതുമ്പിക്കൊണ്ട് പറയുന്നു. അവരെല്ലാം കരുവാക്കപ്പെട്ടവരാണ്. ആരോടും പ്രതികാരം ചെയ്യാനില്ലെന്നും എല്ലാം ദൈവത്തിന്റെ കോടതിയിൽ സമർപ്പിക്കുന്നുവെന്നും ഹസൻ മാഷ് പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here