ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്‍ഥാൻ പരമ്പരയോടെ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്നും വാർണർ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയ്ക്ക് തന്റെ ആവശ്യം ഉണ്ടെങ്കിൽ 2025ലെ ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ തയ്യാറാണെന്നും വാർണർ വിശദമാക്കി.
ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം. ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കൽ പ്രഖ്യാപിച്ച് താരം പറഞ്ഞു. ഇനി ട്വന്റി 20യിൽ മാത്രമായിരിക്കും 37 കാരനായ വാർണർ കളിക്കുക.
61 ഏകദിനങ്ങളിൽ നിന്നായി 22 സെഞ്ചറികളും 33 അർധ സെഞ്ചറികളുമുൾപ്പെടെ 6932 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്. 2009ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലാണ് വാർണർ അരങ്ങേറ്റം കുറിച്ചത്. ഓസ്ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിർണായക പങ്കാളിയായിരുന്നു ഡേവിഡ് വാർണർ. കഴിഞ്ഞ ലോകകപ്പിലെ 11 കളികളിൽ നിന്നായി 535 റൺസാണ് ഇടങ്കയ്യൻ ബാറ്ററായ വാർണർ അടിച്ചുകൂട്ടിയത്.
ജനുവരിയിൽ നടക്കുന്ന പാകിസ്ഥാൻ പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റിൽ നിന്നും താരം വിരമിക്കും. വാർണർക്ക് 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്‌സുകളിൽ 25 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയിൽ 8487 റൺസാണുള്ളത്.
Story Highlights: Australian batter David Warner announced retirement from ODIs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here